തിരുവനന്തപുരം: ഇംഗ്ലീഷ് ഭാഷയുടെ പേരിൽ സൈബർ ആക്രമണം നേരിടുന്ന എ.എ. റഹീം എംപിയെ അനുകൂലിച്ച് മന്ത്രി സജി ചെറിയാൻ. എല്ലാവർക്കും മനസിലാവാൻ ഇംഗ്ലീഷിൽ പറഞ്ഞപ്പോൾ ഒരു ന്യൂനത വന്നാൽ എന്തിനാണ് കളിയാക്കുന്നത്. നമ്മൾ ആരും അമേരിക്കൻ സായിപ്പിന്റെ മക്കൾ ഒന്നും അല്ലല്ലോ എന്നും എല്ലാവർക്കും മനസിലാകാൻ വേണ്ടി ഇംഗ്ലീഷ് സംസാരിക്കുന്നത്തിൽ തെറ്റില്ലെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഭാഷയിലൂടെ അല്ല ജീവിത അനുഭവത്തിലൂടെ ആണ് കഴിവുണ്ടാവുന്നത്. രണ്ടാം ക്ലാസ് വരെ പഠിച്ച പി. കൃഷ്ണ പിള്ളയെക്കാൾ വല്ല്യ കമ്മ്യൂണിസ്റ്റ് ഇല്ല. വ്യക്തിപരമായി ആളുകളെ കളിയാക്കുന്നതും ആക്ഷേപിക്കുന്നതും ശരിയല്ലെന്നും മന്ത്രി സജി ചെറിയാൻ.
നമ്മുടെ നാട്ടിലെ സാധാരണക്കാരന്റെ മകനാണ് എ.എ. റഹീം എംപി. പറഞ്ഞപ്പോൾ എന്തെങ്കിലും ചെറിയ തെറ്റ് വന്നെങ്കിൽ അതാണോ വല്ല്യ കര്യം. ഭാഷ അടിസ്ഥാനത്തിൽ അല്ല മനുഷ്യന്റെ കഴിവ് വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നമ്മൾ എന്തിനാണ് ഇംഗ്ലീഷ് പറയാൻ പോകുന്നതെന്നും മന്ത്രി ചോദിച്ചു. നമ്മുടെ ഭാഷയ്ക്ക് എന്താണ് മോശം. ഇംഗ്ലീഷ് പറയാൻ പോകരുതെന്നാണ് അഭിപ്രായം. റഷ്യൻ പ്രസിഡന്റ് പുടിൻ ഇന്ത്യയിൽ വന്നാൽ ഇംഗ്ലീഷിൽ ആണോ സംസാരിക്കുന്നത്. കർണാടകയിൽ പോയാലും എവിടെ പോയാലും മലയാളത്തിൽ സംസാരിച്ചാൽ എന്താണ് പ്രശ്നം. എന്റെ ഭാഷയാണ് എന്റെ അഭിമാനമാണെന്നും മന്ത്രി വിശദീകരിച്ചു.
കർണാടകയിൽ അനധികൃത കൈയേറ്റത്തിന്റെ പേരിൽ സർക്കാർ കുടിയൊഴിപ്പിച്ച ഫക്കീർഖാൻ കോളനിയും വസീഫ് ലേഔട്ടും സന്ദർശിച്ച ശേഷം റഹീം മാധ്യമങ്ങളോട് പ്രതികരിക്കുന്ന വീഡിയോ ആയിരുന്നു സമൂഹ മാധ്യമങ്ങളിൽ വൈറലായത്. റഹീമിന്റെ ഇംഗ്ലീഷിലെ വ്യാകരണ പിശകുകൾ ചൂണ്ടിക്കാട്ടിയയായിരുന്നു ട്രോളുകൾ. പിന്നാലെ തനിക്ക് ഭാഷപരമായ പരിമിതികളുണ്ടെന്ന ഫേസ്‌ബുക്ക് പോസ്റ്റുമായി എ.എ. റഹീം തന്നെ രംഗത്തെത്തിയിരുന്നു. മനുഷ്യരുടെ സങ്കടങ്ങൾക്ക് ഒരു ഭാഷയേ ഉള്ളൂ എന്ന് തുടങ്ങുന്ന കുറിപ്പാണ് റഹീം പങ്കുവെച്ചത്.