തിരുവന്തപുരം: ആർഎസ്എസ് പരിപാടിയിൽ സർവകലാശാല വിസിമാർ പങ്കെടുത്തതിൽ രൂക്ഷവിമർശനവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. കുഫോസ് വിസി ബിജു കുമാറിനെതിരെയും മന്ത്രി വിമർശനമുന്നയിച്ചു.
ആർഎസ്എസിൻ്റെ പരിപാടിയിൽ പങ്കെടുത്ത ആളെയൊന്നും സ്ഥാനത്ത് ഇരുത്തേണ്ടതില്ലെന്നും ഇത് വ്യക്തിപരമായ അഭിപ്രായമാണെന്നും മന്ത്രി പറഞ്ഞു. സർക്കാർ പ്രതിനിധി സർക്കാർ പറഞ്ഞിട്ടാണോ പോയതെന്നും, സർക്കാരിൻ്റെ അനുവാദമില്ലാതെ പോയാൽ സ്ഥാനത്തുനിന്ന് അയാളെ മാറ്റണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വൈസ് ചാൻസിലർമാരെ ഭീഷണിപ്പെടുത്തിയാണ് ഗവർണർ സമ്മേളനത്തിൽ പങ്കെടുപ്പിച്ചത്. ആർഎസ്എസിൻ്റെ തത്വങ്ങൾ കുട്ടികൾ പഠിപ്പിക്കണം എന്ന നിലയിലാണ് ആർഎസ്എസ് തലവൻ പ്രസംഗിച്ചത്. ഇത് ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവും മതേതരത്വത്തിന് യോജിക്കാൻ കഴിയാത്തതുമാണ്.
കേരളത്തിൽ ഇങ്ങനെയൊരു യോഗം നടത്താൻ ധൈര്യമുണ്ടായത് ഗവർണറുടെ ബലത്തിൻ്റെ അടിസ്ഥാനത്തിലാണെന്നും മന്ത്രി പറഞ്ഞു. ഈ സംഭവത്തിനെതിരെ വലിയ പ്രതിഷേധം ആവശ്യമാണ്. ഗവർണർ ബുദ്ധിപൂർവ്വം കാര്യങ്ങൾ നീക്കിക്കൊണ്ടിരിക്കുന്നുവെന്നും ആർഎസ്എസിൻ്റെ പ്രവാചകനും പ്രചാരകനുമായി ഗവർണർ മാറിയെന്നും മന്ത്രി വി. ശിവൻകുട്ടി കുറ്റപ്പെടുത്തി.
ആർഎസ്എസ് പരിപാടിയിൽ വിസിമാർ പങ്കെടുത്തതിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പ്രതികരിച്ചിരുന്നു. ചില വിസിമാരുടെ തലകൾ ജ്ഞാനവിരോധത്തിൻ്റെ തൊഴുത്താക്കി മാറ്റിയെന്നത് കേരളത്തിന് ലജ്ജാകരമാണ് എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
സർവമതസ്ഥരുമുൾപ്പെട്ട വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഹിന്ദുത്വരാഷ്ട്ര നിർമിതിക്ക് അണിയറകളാക്കാൻ കൂട്ടുനിൽക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. ഭാവികാലമാകെ വൈസ് ചാൻസലർമാർ അക്കാദമിക് സമൂഹത്തിനു മുമ്പിൽ തല കുമ്പിട്ടു നിൽക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ വെച്ച് ആർഎസ്എസ് സംഘടിപ്പിച്ച ജ്ഞാനസഭയിൽ കേരളത്തിലെ സർവകലാശാല വിസിമാർ പങ്കെടുത്തത്. സർസംഘചാലക് ഡോ. മോഹൻ ഭാഗവതിനൊപ്പം കേരള ഗവർണർ രാജേന്ദ്ര അർലേക്കറും പരിപാടിയിൽ പങ്കെടുത്തിരുന്നു
കേരള സർവകലാശാല വിസി മോഹൻ കുന്നുമ്മൽ, കാലിക്കറ്റ് സർവകലാശാല വിസി ഡോ. പി. രവീന്ദ്രൻ, കണ്ണൂർ സർവകലാശാല വി.സി. പ്രൊഫസർ കെ.കെ. സാജു, കുഫോസ് വിസി എ. ബിജുകുമാർ എന്നിവരാണ് ആർഎസ്എസിൻ്റെ പരിപാടിയിൽ പങ്കെടുത്തത്.
എന്നാൽ പ്രചരിക്കുന്ന വാർത്ത തെറ്റാണ് എന്നും വിദ്യാഭ്യാസ സെമിനാറിലെ ഒരു വിഷയത്തിൽ നിലപാട് വിശദീകരിക്കുകയാണ് ചെയ്തതെന്നുമായിരുന്നു കുഫോസ് വിസി എ. ബിജുകുമാറിൻ്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്.