തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി മരവിപ്പിക്കണമെന്ന് കേന്ദ്രത്തെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി. ബാക്കി കാര്യങ്ങൾ ഉപസമിതി കൂടി തീരുമാനിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശം അനുസരിച്ചാണ് കത്തയച്ചത്. കുടിശികയുള്ള തുക പരമാവധി വാങ്ങിയെടുക്കാൻ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു.
പിഎം ശ്രീ പദ്ധതി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു. ഇന്ന് രാവിലെയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് കേന്ദ്രത്തിന് കത്ത് നൽകിയത്. രാവിലെ സിപിഐ മന്ത്രിമാർ മുഖ്യമന്ത്രി കണ്ടിരുന്നു. പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറുമെന്ന വാർത്ത ആദ്യം നൽകിയത് ന്യൂസ് മലയാളമാണ്.
പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിൻമാറുമെന്ന് സർക്കാർ നേരത്തെ തന്നെ അറിയിച്ചിരുന്നു. മന്ത്രിസഭാ യോഗത്തിലും എൽഡിഎഫ് യോഗത്തിലും സമാനമായ തീരുമാനം സർക്കാർ എടുത്തിരുന്നു. പദ്ധതിയുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ല. ധാരണാപത്രം റദ്ദാക്കണമെന്നുമാണ് കത്തിൽ സർക്കാർ ആവശ്യപ്പെടുന്നത്.