കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് സ്ത്രീ മരിച്ച് സംഭവത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. മന്ത്രി വി. എൻ. വാസവൻ്റെ കൂടെയാണ് വീണാ ജോർജ് മാധ്യമങ്ങളെ കണ്ടത്. ദൗർഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. ആദ്യഘട്ടത്തിൽ രണ്ടുപേർക്ക് പരിക്ക് എന്ന വിവരമാണ് ലഭിച്ചത്. പിന്നീടാണ് ഒരാളുടെ മരണവിവരം അറിയുന്നത്.
സംഭവം അറിഞ്ഞപ്പോൾ തന്നെ ഞങ്ങൾ സ്ഥലത്ത് എത്തിയിരുന്നു. എത്തിയ ഉടൻ ജെസിബി എത്തിക്കാൻ ശ്രമിച്ചു. തടസങ്ങൾ നീക്കിയാണ് ജെസിബി എത്തിച്ചതെന്നും മന്ത്രി പറഞ്ഞു.
മെഡിക്കൽ കോളേജിൻ്റെ ആദ്യത്തെ ബ്ലോക്കിലാണ് സംഭവം ഉണ്ടായത്. കാലപ്പഴക്കത്താൽ കെട്ടിടം ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യം പണ്ടുമുതലേ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
2016 ൽ എൽഡിഎഫ് സർക്കാർ കെട്ടിടം നിർമിക്കാൻ തീരുമാനമെടുത്തിരുന്നു. 567 കോടി രൂപയാണ് ഇതിനായി കിഫ്ബി വഴി അനുവദിച്ചിരുന്നു. കോവിഡ് കാരണം നിർമാണ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ മുന്നോട്ട് പോയില്ല. പിന്നീട് 2021-22 കാലഘട്ടത്തിലാണ് നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചത്. എട്ടുനിലകളുള്ള സർജിക്കൽ ബ്ലോക്കാണ് ഇതിൻ്റെ ഭാഗമായി നിർമിച്ചത്.
മെഡിക്കൽ കോളേജ് തുടങ്ങിയപ്പോൾ ഉണ്ടായ കെട്ടിടമാണ്. 68 വർഷത്തെ പഴക്കമാണ് കെട്ടിടത്തിന് ഉള്ളതെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. മുൻവിധിയുടെ പേരിൽ ആർക്കെതിരെയും നടപടി എടുക്കില്ല. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. മുൻവിധിയുടെ പേരിൽ ആർക്കെതിരെയും നടപടി എടുക്കില്ല. സംഭവം ജില്ലാ കളക്ടർ അന്വേഷിക്കും. അതിന് ശേഷം നടപടകളെ കുറിച്ച് ആലോചിക്കുമെന്നും തീർച്ചയായും നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, ആരെയും നിർബന്ധിച്ച് ഡിസ്‌ചാർജ് ചെയ്യരുതെന്ന് നിർദേശം നൽകിയിരുന്നതായി മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. രോഗികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി അവരെ സമാധാനിപ്പിക്കണമെന്നാണ് ഡോക്ടർമാരോട് പറഞ്ഞിരുന്നത്. ഇന്ന് ഡിസ്ചാർജ് അനുവാദം കൊടുത്തവരെ പറഞ്ഞയക്കാമെന്നും അല്ലാത്തപക്ഷം ആരെയും നിർബന്ധിച്ച് പറഞ്ഞക്കരുതെന്നും നിർദേശം നൽകിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അല്ലാതെ ആരെയെങ്കിലും നിർബന്ധിച്ച് പറഞ്ഞയച്ചുവെന്ന പരാതി വന്നിട്ടുണ്ടെങ്കിൽ അത് ബന്ധപ്പെട്ടവരോട് വിശദീകരണം തേടുമെന്നും സൂപ്രണ്ട് അറിയിച്ചു.
ഇന്ന് 11 മണിയോടെയാണ് കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണത്. അപകടത്തിൽ മകൾക്ക് കൂട്ടിരിക്കാൻ എത്തിയ തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന് ജീവൻ നഷ്ടപ്പെട്ടിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ നിന്നും പുറത്തെടുത്ത് ഉടൻ തന്നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ലഭ്യമായ വിവര പ്രകാരം പൊളിഞ്ഞുവീണ പതിനാലാം വാർഡ് കെട്ടിടം ഉപയോഗശൂന്യമെന്നും കെട്ടിടത്തിനടിയിൽ ആരും കുടുങ്ങിയിട്ടില്ലെന്നുമായിരുന്നു ആരോഗ്യമന്ത്രി വീണ ജോർജും മന്ത്രി വി. എൻ. വാസവനും ആദ്യം പ്രതികരിച്ചത്. രക്ഷാപ്രവർത്തനം ഒന്നര മണിക്കൂർ വൈകിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്.