
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളുടേയും സുരക്ഷാ പരിശോധന അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ വൈദ്യുത വകുപ്പുമന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ നിര്‍ദേശം. വൈദ്യുതി അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ നിര്‍ദേശം.
വൈദ്യുതി അപകടങ്ങളെ കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് ബോധവത്കരണ ക്ലാസ് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ എനര്‍ജി മാനേജ്‌മെന്റ് സെൻ്റർ വഴി ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. കെഎസ്ഇബി ചീഫിനും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിനുമാണ് നിര്‍ദേശം.
മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
അടുത്തകാലത്ത് നടന്ന വിവിധ വൈദ്യുതി അപകടങ്ങളുടെ കാരണങ്ങള്‍ പരിശോധിച്ചതില്‍ വൈദ്യുതി ലൈനുകളുടെ സുരക്ഷാ പരിശോധന വീഴ്ച കൂടാതെ നടത്തി ഉചിത പരിഹാര നടപടികള്‍ ഊര്‍ജ്ജിതമാക്കേണ്ടതുണ്ടെന്ന് കാണുന്നു. മാത്രമല്ല, വിദ്യാര്‍ത്ഥികള്‍ക്ക് വൈദ്യുതി അപകടങ്ങളെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കുന്നതും ഗുണപ്രദമായിരിക്കുമെന്ന് കരുതുന്നു.
സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളുടെയും സുരക്ഷാ പരിശോധന കാര്യക്ഷമമായും സമയബന്ധിതമായും പൂര്‍ത്തിയാക്കുന്നതിന് KSEBL ഉം ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കണമെന്നും നിര്‍ദ്ദേശം നല്‍കി.
അതേസമയം, കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥി മരിച്ചതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് വിദ്യാഭ്യാസ, വൈദ്യുത വകുപ്പുകള്‍ക്ക് ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. പ്രധാന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല. മിഥുന്റെ കുടുംബത്തിന് സര്‍ക്കാര്‍ മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
മിഥുന്റെ സംസ്‌കര ചടങ്ങുകള്‍ വൈകിട്ടോടെ വീട്ടുവളപ്പില്‍ പൂര്‍ത്തിയായി. വിളന്തറയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷമായിരുന്നു സംസ്‌കാരം. മിഥുന്‍ പഠിച്ച തേവലക്കരയിലെ സ്‌കൂളിലെ പൊതുദര്‍ശനത്തിന് ശേഷമായിരുന്നു മൃതദേഹം വീട്ടിലെത്തിച്ചത്. മിഥുനെ അവസാന നോക്ക് കാണാനായി സ്‌കൂളില്‍ സുഹൃത്തുക്കളും സഹപാഠികളും അധ്യാപകരും സ്‌കൂളിലെത്തിയിരുന്നു.