കോഴിക്കോട്: ഭാര്യക്ക് ഇരട്ട വോട്ടുണ്ടെന്ന ആരോപണത്തിൽ വിശദീകരണവുമായി തിരുവമ്പാടി എംഎൽഎ ലിൻ്റോ ജോസഫ്. വിഷയത്തിൽ ജാഗ്രതക്കുറവുണ്ടായെന്ന് ലിൻ്റോ ജോസഫ് എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു. വിഷയം ശ്രദ്ധയിൽപ്പെട്ട ഉടനെ തിരുത്തലിന് ആവശ്യമായ നടപടികൾ സ്വീകരിച്ചുവെന്നും ലിൻ്റോ ജോസഫ് അറിയിച്ചു. തെറ്റിദ്ധാരണ പടർത്തി 'മറ്റ് വോട്ട് തട്ടിപ്പുകൾ'ക്ക് മറയാക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും എംഎൽഎ കുറിച്ചു.
തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫിൻ്റെ ഭാര്യ അനുഷക്ക് മുക്കം മുൻസിപ്പാലിറ്റിയിലെ 17 ആം വാർഡായ കച്ചേരിയിലും,കൂടരഞ്ഞി പഞ്ചായത്തിലെ ഒൻപതാം വാർഡായ ആനയോടും വോട്ട് ഉണ്ടെന്നായിരുന്നു ആരോപണം. ഇതിന് വിശദീകരണം നൽകുകയാണ് ലിൻ്റോ ജോസഫ് എംഎൽഎ.
പുതിയ പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് ഭാര്യയുടെ വോട്ട് ചേർത്തിരുന്നു. എന്നാൽ ഭാര്യയുടെ സ്വന്തം സ്ഥലമായ കച്ചേരിയിൽ നിന്ന് വോട്ട് ഒഴിവായിരുന്നില്ല. ഇത് ഒഴിവാക്കുന്നതിൽ ജാഗ്രത കുറവ് ഉണ്ടായെന്നത് ശരിയാണെന്നും തിരുത്തൽ നടപടികൾ സ്വീകരിച്ചെന്നും ലിൻ്റോ ജോസഫ് അറിയിച്ചു.
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം:
2021 ലാണ് എന്റെ വിവാഹം കഴിയുന്നത്.അ തിന് ശേഷം നടക്കുന്ന ആദ്യത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പാണ് ഇനി വരാൻ പോകുന്നത്. അതിന്റെ ഭാഗമായി ഇത്തവണ എന്റെ താമസ സ്ഥലമായ കൂടരഞ്ഞി പഞ്ചായത്തിൽ ഭാര്യയുടെ വോട്ട് ചേർത്തിരുന്നു.എന്നാൽ ഭാര്യയുടെ സ്വന്തം സ്ഥലമായ കച്ചേരിയിൽ നിന്ന് വോട്ട് ഒഴിവായിരുന്നില്ല.ഇത് ഒഴിവാക്കുന്നതിൽ ചെറിയ ജാഗ്രത കുറവ് ഉണ്ടായെന്നത് ശരിയാണെങ്കിലും ഇത് വോട്ടർ പട്ടികയിലെ ക്രമക്കേട് എന്ന നിലയിലുള്ള സംഭവമല്ല.
സെപ്തംബർ 2 നാണ് പുതുക്കിയ വോട്ടർ പട്ടിക നിലവിൽ വന്നത്.വോട്ടർ പട്ടിക പരിശോധിച്ച് മിസ്റ്റേക്ക് മനസ്സിലായപ്പോൾ തന്നെ തിരുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്. വസ്തുത ഇതായിരിക്കെ തെറ്റിദ്ധാരണ പടർത്തി 'മറ്റ് വോട്ട് തട്ടിപ്പുകൾ'ക്ക് മറയാക്കാൻ ശ്രമിക്കുന്നത് ശരിയല്ല എന്ന് കൂടി സൂചിപ്പിക്കുന്നു.