

കണ്ണൂർ: സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സി.വി ധനരാജ് വധക്കേസിലെ കോടതി വിധിയിൽ പ്രതികരിച്ച് എംഎൽഎ വി. കുഞ്ഞികൃഷ്ണൻ. കേസിൽ ധനരാജിൻ്റെ അമ്മയും ഭാര്യയും നൽകിയ മൊഴി മുഖവിലയ്ക്കെടുക്കാൻ കോടതി സന്നദ്ധമായിട്ടുണ്ടെന്നാണ് മനസിലാക്കുന്നതെന്ന് വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. ആ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയതെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.
കേസിലെ ഒന്നാം സാക്ഷി രാഷ്ട്രീയക്കാരനായതുകൊണ്ടാണ് അത് വിശ്വാസത്തിലെടുക്കാൻ സാധിക്കില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. വിധി കൃത്യമായി പരിശോധിച്ചതിന് ശേഷമെ കൂടുതൽ അഭിപ്രായങ്ങൾ പറയാൻ കഴിയൂ എന്നും എംഎൽഎ വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. കൊലപാതകത്തിൽ പങ്കാളികളായ എല്ലാ പ്രതികൾക്കും ഇല്ലെങ്കിലും ആദ്യ മൂന്ന് പ്രതികൾക്ക് ശിക്ഷ ലഭ്യമായിട്ടുണ്ടെന്നത് ആശ്വാസകരമാണെന്നും വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു.
രാഷ്ട്രീയ എതിർ ചേരികളിൽ പെട്ടവരെ കൊലപ്പെടുത്തുന്ന രീതി കണ്ണൂരിൽ ഉണ്ട്. അതിന് പ്രത്യേക മോട്ടീവ് വേണ്ടതില്ല. വ്യക്തിപരമായി വിധിയിൽ പൂർണ തൃപ്തനല്ല. എന്നാൽ ചിലരെ ശിക്ഷിക്കാനായതിൽ ആശ്വാസകരമാണ്. ഈ വിധി കൊണ്ട് മാത്രം പയ്യന്നൂർകാർക്ക് തൃപ്തി വരില്ല. പാർട്ടി അണികൾ ഈ വിധിയിൽ പൂർണ തൃപ്തരാവില്ലെന്നും വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. ധനരാജിൻ്റെ കേസുമായി താൻ ആക്ഷേപം ഉന്നയച്ചിട്ടില്ലെന്നും ധനസമാഹരണമായി ബന്ധപ്പെട്ട് മാത്രമാണ് തൻ്റെ ആക്ഷേപമെന്നും അദ്ദേഹം വ്യക്തമാക്കി.
സി.വി. ധനരാജ് വധക്കേസിൽ ആദ്യമൂന്ന് പ്രതികൾ മാത്രമാണ് കുറ്റക്കാർ എന്ന് കോടതി കണ്ടെത്തിയത്. പതിനാറ് പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി ടി.പി ബിജു, രണ്ടാം പ്രതി എം.വിപിൻ, മൂന്നാം പ്രതി എം. വൈശാഖ് എന്നിവരാണ് കുറ്റക്കാർ. കൊലപാതക കാരണവും രാഷ്ട്രീയ ഗുഢാലോചനയും തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി വിമർശിച്ചു. ശിക്ഷാ വിധിയിൽ ഉച്ചക്ക് ശേഷം കോടതി വാദം കേൾക്കും. ശിക്ഷാ വിധി മറ്റന്നാൾ.