

എറണാകുളം: പെരുമ്പാവൂരില്‍ ജി.എസ്.ടി. ഓഫീസിലെ ഉദ്യോഗസ്ഥയുടെ ഭര്‍ത്താവിന്റെ ചികിത്സാ സഹായ നിധിയിലേക്ക് പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് തട്ടിപ്പ്. ചികിത്സാ സഹായം എന്ന പേരില്‍ രണ്ട് പേര്‍ വ്യാപാരികളില്‍ നിന്നാണ് പണം തട്ടിയത്. പെരുമ്പാവൂരിലെ വ്യാപാരികളെ ഫോണ്‍ വിളിച്ചാണ് മോഷ്ടാക്കള്‍ പണം ആവശ്യപ്പെട്ടത്.
പെരുമ്പാവൂരിലെ ജിഎസ്ടി ഓഫീസിലെ ഉദ്യോഗസ്ഥനാണ് എന്ന് പരിചയപ്പെടുത്തിയാണ് പ്രതികള്‍ വ്യാപാരികളെ ഫോണ്‍ വിളിച്ചത്. ജിഎസ്ടി ഓഫീസിലെ ഒരു ജീവനക്കാരിയുടെ ഭര്‍ത്താവ് അപകടത്തില്‍പ്പെട്ട് അങ്കമാലിയില്‍ ചികിത്സയിലാണെന്നും അടിയന്തര ശസ്ത്രക്രിയയ്ക്കായി പണം ആവശ്യമാണ് എന്നുമായിരുന്നു വ്യാപാരികളോട് മോഷ്ടാക്കള്‍ പറഞ്ഞിരുന്നത്.
ചില വ്യാപാരികള്‍ മോഷ്ടാക്കളോട് പണം നേരിട്ട് കടയില്‍ വന്ന് കൈപ്പറ്റാനും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ തട്ടിപ്പുകാര്‍ കടയിലെത്തി വ്യാപാരികളില്‍ നിന്ന് പണം കൈപ്പറ്റുകയുമായിരുന്നു. ഇതിന് പിന്നാലെ ഒരു കടയുടമയ്ക്ക് തോന്നിയ സംശയമാണ് തട്ടിപ്പാണെന്ന് വ്യക്തമായത്.
സംശയം തോന്നിയ വ്യാപാരി ഫോണ്‍ വന്ന നമ്പറിലേക്ക് തിരിച്ച് വിളിച്ചു. ആ സമയത്ത് ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇതിന് പിന്നാലെ വ്യാപാരി ജിഎസ്ടി ഓഫീസിലെ മറ്റൊരു ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ജിഎസ്ടി ഓഫീസുമായി ബന്ധപ്പെട്ട് ആരുടെയും ബന്ധുക്കള്‍ ആശുപത്രികളില്‍ അഡ്മിറ്റ് അല്ലെന്നുള്ള വിവരം അറിഞ്ഞതിന് പിന്നാലെ വ്യാപാരികള്‍ കോടനാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തട്ടിപ്പുകാരുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഇപ്പോള്‍ നടന്നുവരികയാണ്.