കണ്ണൂർ: ചെമ്പല്ലിക്കുണ്ട് കുഞ്ഞുമായി അമ്മ പുഴയിൽ ചാടിയത് ഗാർഹിക പീഡനം മൂലമെന്ന് ആരോപണം. 2016 മുതൽ റീമയും ഭർതൃ വീട്ടുകാരും തമ്മിൽ പ്രശ്നമുണ്ടായിരുന്നെന്ന് അയൽവാസികൾ പറയുന്നു. കുഞ്ഞ് ഉണ്ടായ ശേഷം ഭർതൃവീട്ടുകാരും റീമയും തമ്മിൽ സ്വരചേർച്ചയിലായിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു. സ്വന്തം വീട്ടിലായിരുന്നു റീമയുടെ താമസം.
റീമയുടെ ഭർത്താവ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയത് മൂന്ന് ദിവസം മുൻപാണ്. ഭർത്താവ് തിരികെ എത്തിയതിന് ശേഷം റീമയെയും കുഞ്ഞിനെയും കൂട്ടി ചില സ്ഥലങ്ങൾ കാണാൻ പോയിരുന്നു. അതിന് ശേഷം തിരികെ എത്തിയപ്പോൾ കുഞ്ഞിനെ തനിക്ക് വേണമെന്ന ആവശ്യം ഭർത്താവ് ഉന്നയിച്ചുവെന്നും നാട്ടുകാർ പറയുന്നു.
വെങ്ങര നടക്കുതാഴെ സ്വദേശിനിയാണ് എം.വി. റീമ. പുലർച്ചെ 1.30 ഓടെയാണ് റീമ കുഞ്ഞ് ഋഷിബ് രാജിനെ എടുത്തുകൊണ്ട് ചെമ്പല്ലിക്കുണ്ട് പുഴയിൽ ചാടിയത്. ചെമ്പല്ലിക്കുണ്ട് പാലത്തിന് സമീപത്തേക്ക് സ്കൂട്ടറിലാണ് റീമ കുഞ്ഞുമായി എത്തിയത്. പാലത്തിന് മുകളിൽ കയറിയതിന് ശേഷം കുഞ്ഞിനെ ഷാളുപയോഗിച്ച് ദേഹത്തോട് ചേർത്ത് കെട്ടിയാണ് പുഴയിലേക്ക് ചാടിയത്.
ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് കണ്ടൽക്കാടുകൾക്കിടയിൽ നിന്ന് റീമയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുമ്പോൾ കെട്ടിയ ഷാൾ ദേഹത്ത് ഉണ്ടായിരുന്നു. എന്നാൽ, കുഞ്ഞ് അതിൽ നിന്നും വേർപെട്ട് പോയിരുന്നു. കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സ്കൂബ സംഘവും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് കുട്ടിക്കായുള്ള തെരച്ചിൽ തുടരുകയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)