തിരുവനന്തപുരം: കഴക്കൂട്ടത്തെ നാലു വയസുകാരന്റെ കൊലപാതകത്തിൽ കുറ്റം സമ്മതിച്ച് അമ്മയുടെ സുഹൃത്ത് തൻബീർ ആലം. കുഞ്ഞിന്റെ അമ്മ മുന്നി ബീഗവുമായുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് മൊഴി. കുഞ്ഞിന്റെ കഴുത്തിൽ ടവ്വൽ ഉപയോഗിച്ച് മുറുക്കിയായിരുന്നു കൊലപാതകം. കേസിൽ തൻബീർ ആലത്തിന്റെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. അതേസമയം, അമ്മയ്ക്ക് കൊലപാതകത്തിൽ പങ്കില്ലെന്ന നിഗമനത്തിലാണ് പൊലീസ്.
കഴുത്തിലെ എല്ലു പൊട്ടിയാണ് കുഞ്ഞിൻ്റെ മരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ ദിവസമാണ് കഴക്കൂട്ടത്ത് അതിഥി തൊഴിലാളികളുടെ മകനെ മരിച്ചനിലയിൽ കണ്ടെത്തിയത്. വെസ്റ്റ് ബംഗാൾ സ്വദേശിനിയായ മുന്നി ബീഗത്തിൻ്റെ മകൻ ഗിൽദർ (4) നെയാണ് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ച നിലയിൽ കൊണ്ടുവന്നത്.
ഭക്ഷണം കഴിച്ച് കിടന്ന ശേഷം ഉണർന്നില്ല എന്നായിരുന്നു കുട്ടിയുടെ അമ്മ ആശുപത്രി അധികൃതരോട് പറഞ്ഞത്. ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് കണ്ടെത്തിയതിന് പിന്നാലെ ആശുപത്രി അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു.