എംഎസ്‌സി എൽസ കപ്പൽ അപകടത്തിൽ നഷ്ടപരിഹാരം തേടി സംസ്ഥാന സർക്കാർ ഹെെക്കോടതിയിൽ. പാരിസ്ഥിതിക നാശമടക്കം 9,531 കോടി രൂപയുടെ നഷ്ടമുണ്ടായതായി സർക്കാർ ഹെെക്കോടതിയെ അറിയിച്ചു. മാരിടൈം ക്ലെയിമിന് വേണ്ടി വിഴിഞ്ഞം തുറമുഖത്തുള്ള എംഎസ്‌സിയുടെ 'അകിറ്റേറ്റ 2' കപ്പലിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ടാണ് പരിസ്ഥിതി സ്‌പെഷ്യല്‍ സെക്രട്ടറി ഹർജി നൽകിയത്. ഹർജി പരിഗണിച്ച ജസ്റ്റിസ് എം.എ. അബ്ദുൽ ഹക്കീം വ്യാഴാഴ്ച വരെ കപ്പൽ അറസ്റ്റ് ചെയ്തിടാൻ ഉത്തരവിട്ടു.
എംഎസ്‌സി എൽസ 3 കപ്പൽ അപകടത്തെ സർക്കാർ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. ദുരന്തനിവാരണ അതോറിറ്റി സാമ്പത്തിക പാരിസ്ഥിതിക ആഘാതം പരിഗണിച്ചായിരുന്നു സർക്കാരിൻ്റെ നീക്കം. പരിസ്ഥിതിക്കും മത്സ്യബന്ധന മേഖലയ്ക്കും നാശം ഉണ്ടാക്കിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.
മെയ് 25നാണ് എംഎസ്‌സി എൽസ-3 കൊച്ചി തീരത്ത് അപകടത്തില്‍പ്പെട്ടത്. കപ്പലില്‍ പരിസ്ഥിതിക്ക് ദോഷകരമായ 643 കണ്ടൈനറുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 61 കണ്ടൈയ്നറുകളും അതിന്റെ അവശിഷ്ടങ്ങളും തീരത്തടിഞ്ഞിരുന്നു. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ 59.6 മെട്രിക് ടണ്‍ മാലിന്യം തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള തീരത്തടിഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക വിദഗ്ധ സമിതിയാണ് സര്‍ക്കാരിന് നഷ്ടപരിഹാരം സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.