
കൊച്ചി: ആഗോള അയ്യപ്പ സംഗമത്തെ ചൊല്ലി ബിജെപിയിൽ ആശയക്കുഴപ്പം. പരിപാടിയിൽ ബിജെപിക്ക് വിയോജിപ്പില്ലെന്ന് ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് വ്യക്തമാക്കിയപ്പോൾ സംഗമം സിപിഐഎമ്മിന്റെ ദുഷ്ടലാക്കാണെന്നാണ് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞത്. നഷ്ടപ്പെട്ട ഹിന്ദുവോട്ട് ബാങ്ക് തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് സിപിഐഎം നടത്തുന്നതെന്നും എം.ടി. രമേശ് വിമർശിച്ചു.
"ശബരിമലയിലെ ആചാരങ്ങൾ ലംഘിക്കാൻ നേതൃത്വം നൽകിയവരാണ് എൽഡിഎഫ് സർക്കാർ. വാടകയ്ക്ക് എടുത്ത യുവതികളെ ശബരിമലയിൽ കയറ്റി പരസ്യവെല്ലുവിളി നടത്തിയ ആളാണ് പിണറായി വിജയൻ. ഇപ്പോഴുള്ള അയ്യപ്പ സംഗമത്തിന് പിന്നിൽ കൃത്യമായ അജണ്ടയുണ്ട്. സിപിഎമ്മിന് നഷ്ടപ്പെട്ട ഹിന്ദുവോട്ട് ബാങ്ക് തിരിച്ചു പിടിക്കാനുള്ള ശ്രമമാണിത്. അയ്യപ്പ സംഗമം ശബരിമലയുടെ വികസനത്തിന് വേണ്ടിയല്ല എൽഡിഎഫിന്റെ വികസനത്തിന് വേണ്ടിയുള്ളതാണ്", എം.ടി. രമേശ്.
ശബരിമലയിൽ സ്ത്രീകളെ കയറ്റണമെന്ന് നിലപാടിൽ നിന്ന് സംസ്ഥാന സർക്കാർ പുറകോട്ട് പോയിട്ടില്ലെന്നും എം.ടി. രമേശ് പറഞ്ഞു. അയ്യപ്പഭ സംഗമം ആത്മാർത്ഥമാണെങ്കിൽ സുപ്രീം കോടതിയിൽ കൊടുത്ത അഫിഡവിറ്റ് പിൻവലിച്ച് ഭക്തരോട് സർക്കാർ മാപ്പ് പറയണം. ആചാരലംഘനത്തിനെതിരെ പ്രതിഷേധിച്ച സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള കേസ് പിൻവലിക്കണമെന്നും എം.ടി. രമേശ് പറഞ്ഞു.