കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ കുറിച്ചുള ജീവചരിത്ര പുസ്തകത്തില്‍ സിപിഐഎമ്മിനെയും നേതാക്കളെയും വിമര്‍ശിച്ച് പിരപ്പന്‍കോട് മുരളി. വിഎസിനെ പാര്‍ട്ടിയില്‍ നിന്ന് പുകച്ച് പുറത്ത് ചാടിക്കാന്‍ ശ്രമമുണ്ടായി. വി.എസ്. ആരെന്ന് പാര്‍ട്ടിയിലെ കണ്ണുതുറക്കാത്ത ദൈവങ്ങള്‍ക്ക് അദ്ദേഹത്തിന്റെ മരണശേഷമാണ് മനസിലായത്. പിറകില്‍ നിന്ന് കുത്തിയവരും ഒറ്റപ്പെടുത്തിയവരും വിലാപ യാത്രയില്‍ നെഞ്ചുവിരിച്ച് നിന്നെന്നും പിരപ്പന്‍കോട് മുരളി പരിഹസിച്ചു.
ക്യാപിറ്റല്‍ പണിഷ്‌മെന്റ് പരാമര്‍ശത്തിലെ എം.വി. ഗോവിന്ദന്റെ വിമര്‍ശനത്തിനും മറുപടിയുണ്ട്. എം.വി. ഗോവിന്ദന് നാലാംകിട സൈബര്‍ പോരാളിയുടെ ഭാഷയാണെന്നാണ് വി.എസ്. കമ്മ്യൂണിസ്റ്റ് മനുഷ്യാവതാരം എന്ന പുസ്തകത്തിന്റെ മുഖപുരയില്‍ പിരപ്പന്‍കോട് മുരളി വിമര്‍ശിക്കുന്നത്.
"നാലാംകിട സൈബർ പോരാളിയുടെ ഭാഷയിൽ എന്നെ പോലുള്ള ഒരാളെ ചിത്രീകരിച്ചത് ഗോവിന്ദൻ മാഷ് ആയതുകൊണ്ട് എനിക്ക് ദുഃഖമുണ്ട്. അദ്ദേഹം പറഞ്ഞ ഒരു കാര്യം സത്യമാണ്, ഞാനിന്നു പാർട്ടിയിലില്ല. എങ്ങനെയാണ് ഞാൻ പാർട്ടിയിൽ ഇല്ലാതായത്, എന്തെങ്കിലും സ്വഭാവദൂഷ്യത്തിനോ സദാചാരവിരുദ്ധ പ്രവർത്തനത്തിനോ, വരവിൽക്കവിഞ്ഞ സ്വത്തുസമ്പാദനത്തിനോ, പാർട്ടി വിരുദ്ധ പ്രവർത്തനത്തിനോ നടപടി എടുത്തു പുറത്താക്കിയതല്ല. 2018ലെ തൃശൂർ സംസ്ഥാന സമ്മേളനം വരെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന എന്നെ എൺപതുവയസുകാരെ സംസ്ഥാന കമ്മിറ്റിയിൽ നിന്നൊഴിവാക്കുന്നു എന്ന ന്യായം പറഞ്ഞ് കേവലം അന്ന് എഴുപത്തിനാല് വയസു മാത്രമുണ്ടായിരുന്ന എന്നെ ഒഴിവാക്കുകയായിരുന്നു. അതേസമയം ആ സമ്മേളനം തന്നെ തൊണ്ണൂറ് വയസ് കഴിഞ്ഞ അഞ്ചുപേരെയെങ്കിലും നിലനിർത്തുകയും ചെയ്തു", പുസ്തകത്തിന്റെ മുഖപുരയിൽ പിരപ്പന്‍കോട് മുരളി.