

തിരുവനന്തപുരം: 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് പിന്നാലെ സിപിഐഎം സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു. ഇക്കുറി 75 സീറ്റുകളിലാണ് സിപിഐഎം മത്സരിക്കുന്നത്. 11 ഇടത്ത് ഇടത് സ്വതന്ത്രരും മത്സരിക്കും. ഇതില്‍ 56 സിറ്റിംഗ് എംഎല്‍എമാര്‍ മത്സരിക്കുന്നുണ്ട്. പാലക്കാട് ഉള്‍പ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പിന്നീട് തീരുമാനിക്കുമെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അറിയിച്ചത്.
ഇത്തവണ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടായപ്പോള്‍ മത്സരരംഗത്തില്ലാത്ത പ്രമുഖര്‍ എം മുകേഷ്, എംഎം മണി, എഎന്‍ ഷംസീര്‍, എം.വി. ഗോവിന്ദന്‍ എന്നിവരുടെ പേരുകളാണ്. എം.വി ഗോവിന്ദന്‍ കഴിഞ്ഞതവണ മത്സരിച്ച് വിജയിച്ച തളിപ്പറമ്പില്‍ ഇത്തവണ ജനവിധി തേടുന്നത് പി.കെ ശ്യാമളയാണ്. എംവി ഗോവിന്ദന്റെ ഭാര്യകൂടിയാണ് പി.കെ. ശ്യാമള.
കൊല്ലത്ത് രണ്ട് ടേം പൂര്‍ത്തിയാക്കിയ എം. മുകേഷിന് ഇത്തവണ സീറ്റ് നല്‍കിയിട്ടില്ല. സിപിഐഎം കൊല്ലം ജില്ലാ ആക്ടിങ്ങ് സെക്രട്ടറികൂടിയായ എസ്. ജയമോഹനാണ് മത്സരിക്കുന്നത്.
മറ്റൊരു നേതാവ് എംഎം മണിയാണ്. ഇക്കുറി ഉടുമ്പന്‍ ചോലയില്‍ നിന്ന് മത്സരിപ്പിച്ചേക്കില്ലെന്ന് നേരത്തെ നന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത്തവണ കെകെ ജയചന്ദ്രനാണ് ഉടുമ്പന്‍ചോലയില്‍ നിന്നും മത്സരിക്കുന്നത്. 2016ലും 2021ലും ഉടുമ്പന്‍ ചോലയില്‍ നിന്ന് മത്സരിച്ച് നിയമസഭയിലെത്തിയ നേതാവാണ് എംഎം മണി. രണ്ട് ടേം പൂര്‍ത്തിയാക്കിയ മണിക്ക് ഇളവ് നല്‍കേണ്ടതില്ലെന്ന് സിപിഐഎം തീരുമാനിക്കുകയായിരുന്നു.
സ്പീക്കര്‍ കൂടിയായ എ.എന്‍. ഷംസീറാണ് ഇത്തവണ സീറ്റില്ലാത്ത മറ്റൊരു നേതാവ്. തലശേരിയില്‍ നിന്ന് രണ്ട് ടേം പൂര്‍ത്തിയാക്കിയ ഷംസീറിന് പകരം ഇക്കുറി മത്സരിക്കുന്നത് കാരായി രാജനാണ്.
ഇക്കുറി പേരാവൂരില്‍ മത്സരിക്കുന്ന കെ.കെ. ശൈലജയാണ് മറ്റൊരു പ്രമുഖ സ്ഥാനാര്‍ഥി മട്ടന്നൂര്‍ മണ്ഡലം നല്‍കാതെ സണ്ണി ജോസഫിന്റെ സിറ്റിംഗ് മണ്ഡലമായ പേരാവൂര്‍ പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെകെ ശൈലജയെ ഇറക്കിയിരിക്കുന്നത്. എന്നാല്‍ ആദ്യ ഘട്ടത്തില്‍ കെകെ ശൈലജയുടെ പേര് പരാമര്‍ശിക്കപ്പെട്ടില്ലെന്നും സിറ്റിംഗ് എംഎല്‍എമാര്‍ക്ക് അടക്കം ഇളവ് പ്രഖ്യാപിക്കുമ്പോള്‍ തനിക്ക് എന്തുകൊണ്ട് ഇളവ് നല്‍കുന്നില്ലെന്നും കെകെ ശൈലജ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചോദിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പേരാവൂര്‍ നല്‍കാന്‍ തീരുമാനമായതെന്നും സൂചനകളുണ്ട്. എന്നാല്‍ മട്ടന്നൂരില്‍ ഇക്കുറി കന്നി പോരാട്ടത്തിനെത്തുന്നത് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് ആണ്.
ഒറ്റപ്പാലത്ത് സരിന്റെ പേരുകള്‍ പരാമര്‍ശിക്കപ്പെട്ടിരുന്നെങ്കിലും പട്ടിക വന്നപ്പോള്‍ സരിനും ഉള്‍പ്പെട്ടിട്ടില്ല. കെ. പ്രേംകുമാര്‍ ആണ് ഒറ്റപ്പാലത്ത് നിന്നും ജനവിധി തേടുന്നത്. ആലുവയില്‍ നിന്ന് എ.എം. ആരിഫാണ് ഇക്കുറി ജനവിധി തേടുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്.