

തിരുവനന്തപുരം: മാധ്യമങ്ങളുടെ സോഷ്യൽ മീഡിയാ കാർഡുകൾ നീക്കം ചെയ്യിച്ച് സംസ്ഥാന സർക്കാർ നടത്തുന്ന നീക്കം സംഘപരിവാർ നയിക്കുന്ന കേന്ദ്ര സർക്കാരിനെപ്പോലും നാണിപ്പിക്കുന്ന രീതിയിലുള്ളതാണെന്ന് കെ.എൻ. ബാലഗോപാൽ. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമത്തെ ദുരുപയോഗിച്ച് റിപ്പോർട്ടർ, ന്യൂസ് മലയാളം, കൈരളി മുതലായ ടെലിവിഷൻ ചാനലുകളുടെ നിരവധി സോഷ്യൽ മീഡിയ കാർഡുകളാണ് നീക്കം ചെയ്തിട്ടുള്ളത്. നിരവധി ഫേയ്സ്ബുക്ക് പേജുകൾക്ക് വിലക്ക് വന്നിട്ടുണ്ട്. എസ്എഫ്ഐ സംസ്ഥാന അധ്യക്ഷൻ ഈ വിഷയം ഉന്നയിച്ചുകൊണ്ട് ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റ് അടക്കം നീക്കം ചെയ്തു.
കേന്ദ്ര സർക്കാരിൻ്റെ നിയമം ഉപയോഗിച്ചുള്ള ഈ “മെറ്റാ ഡീൽ” എന്താണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തേണ്ടിയിരിക്കുന്നു. മുണ്ടുടുത്ത മോദി ആരാണെന്ന് മലയാളി ശരിക്കും മനസിലാക്കി. സർക്കാരിൻ്റെ ഈ ഫാസിസ്റ്റ് നടപടിക്കെതിരെ ജനകീയ പ്രതിഷേധങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്നും കെ.എൻ. ബാലഗോപാൽ ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്തു.
കെ.എൻ. ബാലഗോപാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
"വി.ഡി. സതീശൻ സർക്കാർ കേരളത്തിൽ അപ്രഖ്യാപിത “സൈബർ അടിയന്തിരാവസ്ഥ” പ്രഖ്യാപിച്ചിരിക്കുകയാണ്. സർക്കാരിനെതിരായ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന മുഖ്യധാരാ മാധ്യമങ്ങൾ അടക്കമുള്ളവയുടെ സോഷ്യൽ മീഡിയാ കാർഡുകൾ നീക്കം ചെയ്യിച്ചുകൊണ്ട് സംസ്ഥാന സർക്കാർ നടത്തുന്ന നീക്കം സംഘപരിവാർ നയിക്കുന്ന കേന്ദ്രസർക്കാരിനെപ്പോലും നാണിപ്പിക്കുന്ന രീതിയിലുള്ളതാണ്.
കേന്ദ്ര സർക്കാരിന്റെ The Information Technology (Intermediary Guidelines and Digital Media Ethics Code) Rules, 2021 നെ ദുരുപയോഗിച്ചുകൊണ്ട് റിപ്പോർട്ടർ, ന്യൂസ് മലയാളം, കൈരളി മുതലായ ടെലിവിഷൻ ചാനലുകളുടെ നിരവധി സോഷ്യൽ മീഡിയ കാർഡുകളാണ് നീക്കം ചെയ്തിട്ടുള്ളത്. നിരവധി ഫെയ്സ്ബുക്ക് പേജുകൾക്ക് വിലക്ക് വന്നിട്ടുണ്ട്. എസ് എഫ് ഐ സംസ്ഥാന അധ്യക്ഷൻ ഈ വിഷയം ഉന്നയിച്ചുകൊണ്ട് ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റ് അടക്കം നീക്കം ചെയ്തിരിക്കുകയാണ്.
കേന്ദ്ര സർക്കാരിൻ്റെ നിയമം ഉപയോഗിച്ചു കൊണ്ടുള്ള ഈ “മെറ്റാ ഡീൽ” എന്താണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തേണ്ടിയിരിക്കുന്നു. “മുണ്ടുടുത്ത മോദി” ആരാണെന്ന് മലയാളി ശരിക്കും മനസിലാക്കുകയാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരേ ഇതുവരെയും ഉണ്ടാകാത്ത വെല്ലുവിളി സർക്കാരിൻ്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടും ഇത്തരം വിഷയങ്ങളിൽ ഉടൻ പ്രതികരിക്കുന്ന പലരും പാലിക്കുന്ന നിശബ്ദതയും ശ്രദ്ധേയമാണ്. മാധ്യമ പ്രവർത്തകരുടെ സംഘടനകൾ പോലും സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറക്കുന്ന നിലയിലാണെന്നത് ഖേദകരമാണ്. സർക്കാരിൻ്റെ ഈ ഫാസിസ്റ്റ് നടപടിയ്ക്കെതിരെ ജനകീയ പ്രതിഷേധങ്ങൾ ഉണ്ടാകേണ്ടതുണ്ട്," കെ.എൻ. ബാലഗോപാൽ ആവശ്യപ്പെട്ടു.