കെ.എം. ബഷീറിന്റെ മരണം: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് ആഭ്യന്തര വകുപ്പ്

നിലവിലെ പ്രോസിക്യൂട്ടർക്ക് പരിചയക്കുറവുണ്ടെന്നും പ്രത്യേക അഭിഭാഷകനെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് ഭാര്യ ജസീല ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു
കെ.എം. ബഷീർ, ശ്രീറാം വെങ്കിട്ടരാമൻ
കെ.എം. ബഷീർ, ശ്രീറാം വെങ്കിട്ടരാമൻ
Published on
Updated on

മാധ്യമപ്രവർത്തകൻ കെ.എം. ബഷീര്‍ വാഹനമിടിച്ചു കൊല്ലപ്പെട്ട കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ തീരുമാനം. ഭാര്യ ജസീലയുടെ ആവശ്യത്തെ തുടർന്നാണ് അഡ്വ. സന്തോഷ് കുമാറിനെ നിയമിക്കാൻ ആഭ്യന്തര വകുപ്പിന്റെ തീരുമാനം. നിലവിലെ പ്രോസിക്യൂട്ടർക്ക് പരിചയക്കുറവുണ്ടെന്നും പ്രത്യേക അഭിഭാഷകനെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് ഭാര്യ ജസീല ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാർ തീരുമാനം. ശ്രീറാം വെങ്കിട്ടരാമൻ പ്രതിയായ കേസിന്റെ വിചാരണ നടക്കുന്നതിനിടയാണ് പുതിയ തീരുമാനം.

കേസിൽ വിചാരണ കോടതി മാറ്റിയത് ചോദ്യം ചെയ്തും പ്രോസിക്യൂട്ടറെ മാറ്റണമെന്നും ആവശ്യപ്പെട്ടാണ് ജസീല ഹര്‍ജി നല്‍കിയത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഒന്നിൽ നിന്ന് കേസ് നാലാം അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയത് പ്രതിഭാഗം അഭിഭാഷകന്റെ താല്‍പ്പര്യപ്രകാരം ആണെന്നായിരുന്നു ആരോപണം. വിചാരണ നീതിപൂര്‍വം നടക്കുമോ എന്നതില്‍ ആശങ്കയുണ്ട്. കേസ് നേരത്തെ പരിഗണിച്ച സെഷന്‍സ് കോടതി ഒന്നിലേക്കു തന്നെ കേസ് മാറ്റണം. പ്രോസിക്യൂട്ടറെ മാറ്റണം. സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണം. ഉന്നത ഉദ്യോഗസ്ഥൻ പ്രതിയായ കേസിൽ പരിചയമില്ലാത്തയാൾ പ്രോസിക്യൂട്ടറായെത്തുന്നത് കേസിനെ ബാധിക്കുമെന്ന ആശങ്കയും ഉന്നയിച്ചായിരുന്നു ഹര്‍ജി.

കെ.എം. ബഷീർ, ശ്രീറാം വെങ്കിട്ടരാമൻ
'കെ.എം. ബഷീർ കേസ് അട്ടിമറിക്കാൻ ഉന്നതതല ഗൂഢാലോചന'; പരിചയമില്ലാത്ത പ്രോസിക്യൂട്ടറെ വെച്ചത് സംശയാസ്പദം: സിറാജ് ദിനപത്രം

നിലവിൽ ശ്രീറാം വെങ്കിട്ടരാമൻ മാത്രമാണ് ഏക പ്രതി. രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ നേരത്തെ കോടതി കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. മുതിർന്ന അഭിഭാഷകൻ രാമൻപിള്ളയാണ് ശ്രീറാം വെങ്കിട്ടരാമനുവേണ്ടി ഹാജരാകുന്നത്. മനഃപൂർവമല്ലാത്ത നരഹത്യ, മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനമോടിക്കൽ, തെളിവുനശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.

തിരുവനന്തപുരം നാലാം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടപടികൾ പുരോഗമിക്കുന്നത്. വിചാരണക്കിടെ ആറാം സാക്ഷിയായ ഓട്ടോ ഡ്രൈവറായ ഷഫീഖ് കൂറു മാറിയിരുന്നു. കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ ആണോയെന്ന് അറിയില്ലെന്നാണ് ഷഫീഖ് കോടതിയില്‍ പറഞ്ഞത്. അതേസമയം, കേസില്‍ രണ്ടാം സാക്ഷിയായ ഓട്ടോ ഡ്രൈവര്‍ മണികണ്ഠന്‍ അപകടസ്ഥലത്ത് കണ്ടയാള്‍ ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണെന്ന് കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

കെ.എം. ബഷീർ, ശ്രീറാം വെങ്കിട്ടരാമൻ
കെ.എം. ബഷീറിന്റെ മരണം: "കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമൻ ആണോയെന്ന് അറിയില്ല"; കൂറുമാറി ആറാം സാക്ഷി

2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരുമണിയോടെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപമായിരുന്നു അപകടം. ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാറിടിച്ചാണ് ബഷീർ കൊല്ലപ്പെടുന്നത്. വഫ ഫിറോസിന്റെ പേരിലുള്ളതായിരുന്നു അപകടമുണ്ടാക്കിയ വാഹനം. വഫയാണ് വാഹനമോടിച്ചതെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടന്നെങ്കിലും, ദൃക്‌സാക്ഷികളുടെയും മാധ്യമപ്രവർത്തകരുടെയും ഇടപെടലോടെ അത് പൊളിയുകയായിരുന്നു.

News Malayalam 24x7
newsmalayalam.com