
എറണാകുളം: മൂവാറ്റുപുഴയിൽ പെറ്റി കേസ് പിഴ തട്ടിയ കേസില്‍ മേലുദ്യോഗസ്ഥരെ സംശത്തിന്റെ നിഴലിലാക്കി വനിതാ പൊലീസ് ഉദ്യോഗസ്ഥ. ഏഴ് എസ്ഐമാർക്കും ഒരു ഡിവൈഎസ്‌പിക്കും എതിരെയാണ് വനിതാ സിപിഒ ശാന്തി കൃഷ്ണ കോടതിയില്‍ നല്‍കിയ മൊഴി. പണം തട്ടിയത് ഈ ഉദ്യോഗസ്ഥരാണെന്ന് വനിതാ സിപിഒ കോടതിയെ അറിയിച്ചു.
2018 മുതൽ 2022 വരെ സ്റ്റേഷനിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് പണം ബാങ്കിൽ അടച്ചിരുന്നതെന്നും വനിതാ സിപിഒ കോടതിയെ അറിയിച്ചു. തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ വനിതാ സിപിഒ ശാന്തി കൃഷ്ണയ്‌ക്കെതിരെ കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
ബാങ്ക് രസീതുകൾ, ക്യാഷ് ബുക്ക് എന്നിവയിൽ കൃത്രിമം വരുത്തി പെറ്റി കേസ് പിഴയില്‍ ശാന്തി കൃഷ്ണ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. മൂവാറ്റുപുഴ ട്രാഫിക് എൻഫോഴ്സ്മെൻ്റ് യൂണിറ്റിൽ റൈറ്ററായിരുന്നു ശാന്തി കൃഷ്ണൻ. 16 ലക്ഷം രൂപയാണ് നാലു വർഷത്തിനിടെ ശാന്തി കൃഷ്ണൻ തട്ടിയെടുത്തത്. സംഭവത്തിന് പിന്നാലെ ശാന്തിയെ എറണാകുളം റൂറൽ എസ്‌പി സസ്പെൻഡ് ചെയ്തിരുന്നു.
സംഭവത്തില്‍ അന്വേഷണം ഉർജിതമാക്കുകയാണ് പൊലീസ്. നാലു വർഷത്തിനിടെ മൂവാറ്റുപുഴ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിൽ ഉണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരുടേയും മൊഴിയെടുക്കാനാണ് തീരുമാനം. ഇവരുടെയെല്ലാം കൈയക്ഷരവും പരിശോധിക്കും.