തിരുവനന്തപുരം: 30ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ സിനിമകൾക്ക് വിലക്കേർപ്പെടുത്തിയതിന് പിന്നാലെ റസൂൽ പൂക്കുട്ടിക്കെതിരെ ഉയർന്ന വിമർശനത്തിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി സ്ഥലത്തില്ല എന്നത് വാസ്തവമാണ്. എന്നാൽ അത് സംഘാടനത്തെ ബാധിച്ചിട്ടില്ല. നേരത്തെ തീരുമാനിച്ച പരിപാടിയിലാണ് ചെയർമാൻ പോയത്. പ്രദർശന അനുമതിക്ക് അപേക്ഷ കൊടുത്തത് വൈകിയാണെന്ന വാദഗതികൾ എപ്പോഴും അവർ ഉയർത്തുന്നതാണ്. ചലച്ചിത്ര അക്കാദമി ചെയർമാൻ വളരെ മുമ്പ് തന്നെ പരിപാടിയുമായി ബന്ധപ്പെട്ട് ഇവിടെയില്ല. റസൂൽ പൂക്കുട്ടി ഇപ്പോൾ ചാർജ് എടുത്തിട്ടുള്ളൂ എന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
വിഷയത്തിൽ സംവിധായകൻ പി. ബിജുവാണ് വിമർശനം ഉന്നയിച്ചത്. ഐഎഫ്എഫ്കെയിൽ സിനിമകൾക്ക് വിലക്കേർപ്പെടുത്തിയപ്പോൾ ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ട മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറും അക്കാദമി ചെയര്‍മാനും സ്ഥലത്തില്ലാത്തത് ദൗര്‍ഭാഗ്യകരമാണെന്നായിരുന്നു സംവിധായകൻ പി. ബിജു പറഞ്ഞത്. ഐഎഫ്എഫ്‌കെയുടെ നടത്തിപ്പില്‍ പ്രധാന പങ്കുവഹിക്കേണ്ട അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു, ഡമ്മി പോലെ ഒരാളെ തിരഞ്ഞുപിടിച്ചു ഇരുത്തുന്നുവെന്നത് അക്കാദമിയെ സര്‍ക്കാര്‍ എത്രമാത്രം ഗൗരവത്തില്‍ എടുത്തിട്ടുണ്ട് എന്നതിന് തെളിവാണെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
30ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ വിലക്കേർപ്പെടുത്തിയ 19 സിനിമകൾക്ക് ഒടുവിൽ കേന്ദ്രം പ്രദർശന അനുമതി നൽകിയത് പ്രതിഷേധത്തിന് ഒടുവിലാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. സിനിമ നിരോധിക്കാൻ പല കാരണങ്ങളാണ് പറയുന്നത്. എന്നാൽ നിരോധനത്തിന്റെ യഥാർഥ കാരണം പുറത്തു പറയുന്നതൊന്നുമല്ലെന്നും ഇതെല്ലാം വർഗീയവാദികളുടെ ലക്ഷണങ്ങളാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.