
പത്തനംതിട്ട: സർക്കാരിന്റെ ആഗോള അയ്യപ്പ സംഗമത്തിനെ പിന്തുണച്ച് പന്തളം കൊട്ടാരവും. കൊട്ടാര നിർവാഹക സംഘം ഔദ്യോഗിക വിഭാഗം ഒപ്പമുണ്ടെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ഇപ്പോൾ അതൃപ്തി ഉന്നയിച്ചവരുമായും ചർച്ച നടത്തും. യുഡിഎഫിൻ്റെ പിന്തുണ തേടാൻ വി.ഡി. സതീശനെ ദേവസ്വം ബോർഡ് പ്രസിഡന്റ് നേരിൽ കാണാനും തീരുമാനമായി.
ദേവസ്വം ബോർഡ് പ്രസിഡൻ്റും മെമ്പർമാരുമാണ് കൊട്ടാര നിർവാഹക സംഘവുമായി കൂടിക്കാഴ്ച നടത്തും. നാളെ പന്തളത്താണ് കൂടിക്കാഴ്ച. കൊട്ടാര നിർവാഹക സംഘത്തിന് ഉണ്ടായ ആശയക്കുഴപ്പങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
ശബരിമലയെ ആഗോള തീർത്ഥാടന കേന്ദ്രമാക്കി മാറ്റുകയാണ് ആഗോള അയ്യപ്പ സംഗമത്തിൻ്റെ ലക്ഷ്യം. ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച വിഷയം കോടതിയുടെ പരിഗണനയിലാണ്. ശബരിമലയിലെ പ്രത്യേക ആചാരങ്ങൾ കോടതിയെ ധരിപ്പിക്കും. നിയമവിദഗ്ദരുമായി കൂടിയാലോചിച്ചാകും മറ്റ് തീരുമാനങ്ങൾ എടുക്കുക. ആഗോള അയ്യപ്പ സംഗമം ആചാരങ്ങൾ സംരക്ഷിച്ച് മാത്രമേ നടത്തുകയുള്ളുവെന്നും ദേവസ്വം ബോർഡ് മെമ്പർ അഡ്വ. അജികുമാർ പറഞ്ഞു.
ആഗോള അയ്യപ്പ സംഗമത്തിൽ മാസ്റ്റർ പ്ലാൻ അവതരിപ്പിക്കും. വികസനവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ സമർപ്പിക്കും. വികസനവുമായി ബന്ധപ്പെട്ട് എല്ലാരുമായും ആശയവിനിമയം നടത്തുമെന്നും അജികുമാർ പറഞ്ഞു. അതേസമയം അയ്യപ്പ സംഗമത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ ദേവസ്വം മന്ത്രി വി.എൻ. വാസവൻ യോഗം വിളിച്ചിട്ടുണ്ട്. ദേവസ്വം ബോർഡ് പ്രസിഡൻ്റും മെമ്പർമാരും യോഗത്തിൽ പങ്കെടുക്കും.