ഇനി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനില്ല; ആർജെഡി എൽഡിഎഫിനൊപ്പം തുടരും: എം.വി. ശ്രേയാംസ് കുമാർ

പാർട്ടിയുടെ ശക്തിക്കനുസരിച്ചുള്ള സീറ്റുകൾ ഇപ്പോൾ ലഭിക്കുന്നില്ലെന്നും എം.വി. ശ്രേയാംസ് കുമാർ വ്യക്തമാക്കി
M.V. Sreyamkumar
എം.വി. ശ്രേയാംസ് കുമാർSource: News Malayalam 24x7
Published on
Updated on

വയനാട്: മുന്നണിമാറ്റം എന്നത് നിലവിൽ പാർട്ടിയുടെ അജണ്ടയിലില്ലെന്ന് ആർജെഡി സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനൊപ്പം പാർട്ടി തുടരും. ഇടതുമുന്നണിയിൽ ആർജെഡി നേരിടുന്ന കടുത്ത അവഗണനയെക്കുറിച്ച് പരസ്യമായി പ്രതികരിച്ച ശ്രേയാംസ് കുമാർ താൻ ഇനി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനില്ലെന്നും പ്രഖ്യാപിച്ചു. ആർജെഡി നേതൃയോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണിക്കുള്ളിൽ നിന്നുതന്നെ ഉണ്ടായ അച്ചടക്ക രാഹിത്യമാണ് പാർട്ടിയുടെ പരാജയത്തിന് കാരണമെന്നും ആർജെഡി നേതൃത്വം കുറ്റപ്പെടുത്തി.

മുൻപ് പലപ്പോഴും പാർട്ടിയുടെയും മുന്നണിയുടെയും നിർബന്ധത്തിന് വഴങ്ങി മത്സരിച്ചിട്ടുണ്ടെങ്കിലും, ജീവിതത്തിൽ ചില മുൻഗണനകൾ നിശ്ചയിക്കേണ്ട സമയമെത്തിയതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെങ്കിലും താൻ രാഷ്ട്രീയത്തിലും സാമൂഹ്യ പ്രവർത്തനങ്ങളിലും തുടർന്നും സജീവമായിരിക്കുമെന്നും ശ്രേയാംസ് കുമാർ അറിയിച്ചു.

M.V. Sreyamkumar
"സീറ്റില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് പറഞ്ഞിട്ടില്ല"; വാർത്ത നിഷേധിച്ച് വി.എസ്. ശിവകുമാര്‍

പാർട്ടിക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ല. തിരുവിതാംകൂർ, കോഴിക്കോട് മേഖലകളിൽ കൂടുതൽ സീറ്റുകൾക്ക് ആർജെഡിക്ക് അർഹതയുണ്ട്. എന്നാൽ പാർട്ടിയുടെ ശക്തിക്കനുസരിച്ചുള്ള സീറ്റുകൾ ഇപ്പോൾ ലഭിക്കുന്നില്ലെന്നും എം.വി. ശ്രേയാംസ് കുമാർ വ്യക്തമാക്കി. പാർട്ടിയുടെ ശക്തിക്കനുസരിച്ച് സീറ്റ് വർധിപ്പിക്കാമെന്ന് കോടിയേരി ബാലകൃഷ്ണൻ ഉറപ്പ് നൽകിയിരുന്നു. കോടിയേരി നൽകിയ ഉറപ്പ് ഇന്നത്തെ സിപിഐഎം പാലിക്കണം. മുന്നണിയിൽ നാലാം സ്ഥാനം ആർജെഡിക്കാണ്. പാർട്ടിക്ക് മന്ത്രി സ്ഥാനം നൽകാത്തതിൽ അനീതി ഉണ്ടായി. കേരള കോൺഗ്രസിനോട് ഒന്നിക്കാൻ പറയാതെ, സോഷ്യലിസ്റ്റുകാരോട് ഒന്നിക്കാൻ എന്തിന് ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം ചോദിച്ചു.

എൽഡിഎഫ് നേതാക്കൾ പലയിടത്തും വിമതരെയും സ്വതന്ത്രരെയും പിന്തുണച്ചപ്പോൾ ആർജെഡി കൃത്യമായ മുന്നണി മര്യാദ കാട്ടി. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി പ്രവർത്തകർ പലയിടത്തും ആർജെഡി സ്ഥാനാർഥികളെ തോൽപ്പിക്കാൻ വോട്ട് മറിച്ചുകുത്തി. കോവളം സീറ്റ്‌ ആർജെഡിക്ക്‌ അർഹതപ്പെട്ടതാണെന്നും എം.വി. ശ്രെയാംസ് കുമാർ വ്യക്തമാക്കി. വടകര മണ്ഡലത്തിൽ മത്സരിക്കണമെന്നുള്ള നിർദേശം ഇടതുപക്ഷ മുന്നണിയുടെ ഭാഗത്ത് നിന്നും ഉണ്ടായെങ്കിലും അത് സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. എൽഡിഎഫ് ജാഥയ്ക്ക് ശേഷം പാർട്ടിയുടെ ആവശ്യങ്ങൾ മുന്നണിയിൽ ശക്തമായി ഉന്നയിക്കാനാണ് ആർജെഡി തീരുമാനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com