

കൊച്ചി: പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂളിൽ ശിരോവസ്ത്രം ധരിച്ചതിന് വിലക്ക് നേരിട്ട പെൺകുട്ടി പുതിയ സ്കൂളിൽ പോകാൻ തുടങ്ങിയതായി പെൺകുട്ടിയുടെ പിതാവ് അനസിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കുട്ടി യൂണിഫോമിനൊപ്പം ശിരോവസ്ത്രം ധരിച്ചു നിൽക്കുന്ന ഫോട്ടോയോട് കൂടിയായിരുന്നു പോസ്റ്റ്.
'മക്കൾ ഇന്ന് സ്കൂളിലേക്ക് പോവുകയാണ്, അവരുടെ ഡിഗ്നിറ്റി ഉയർത്തിപ്പിടിച്ചു തന്നെ. അവളുടെ തലയിലെ മുക്കാൽ മീറ്റർ തുണി കണ്ടാൽ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ല എന്ന് ഉറപ്പുള്ള കലാലയത്തിലേക്ക്' എന്നാണ് അനസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം..
പ്രിയപെട്ടവരെ,
മക്കൾ ഇന്ന് പുതിയ സ്കൂളിലേക്ക്..
അവരുടെ ഡിഗ്നിറ്റി ഉയർത്തിപിടിച്ചു തന്നെ,
അവളുടെ തലയിലെ മുക്കാൽ മീറ്റർ തുണി കണ്ടാൽ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ല എന്ന് ഉറപ്പുള്ള കലാലയത്തിലേക്ക്..
പ്രതിസന്ധി ഘട്ടത്തിൽ, ആൾക്കൂട്ടങ്ങളുടെയോ, സംഘടിത ശക്തിയുടെയോ പിൻബലമില്ലാത്ത ഒരു സാധാരണക്കാരനായ എൻ്റെ ഒപ്പം നിന്ന മുഴുവൻ പേർക്കും പ്രാർത്ഥനാ മനസ്സോടെ,
നന്ദിയോടെ...
വൈവിധ്യങ്ങളുടെ കളറുള്ള പുതു ലോക ക്രമത്തിലേക്ക് നമ്മുടെ മക്കൾ യാത്ര തുടരട്ടെ..
ശിരോവസ്ത്രം ധരിച്ചെത്തിയതിന് പെൺകുട്ടിയെ സ്കൂൾ അധികൃതർ വിലക്കിയതിനെ തുടർന്നാണ് സ്കൂളിനെതിരെ കുട്ടിയുടെ കുടുംബം രംഗത്തെത്തിയത്. പിന്നീട് വിദ്യാഭ്യാസ വകുപ്പും കോടതിയുമടക്കം വിഷയത്തിൽ ഇടപെടുകയായിരുന്നു. കുട്ടിയെ സ്കൂൾ മാറ്റുവാൻ രക്ഷിതാക്കൾ തീരുമാനിച്ചതിനെ തുടർന്ന് പിന്നീട് ഹർജി ഹൈക്കോടതി തീർപ്പാക്കുകയും ചെയ്തു.