National Strike Kerala
പണിമുടക്കിനെ അനുകൂലിക്കുന്ന തൊഴിലാളികൾ കെഎസ്ആർടിസി ബസ് തടയുന്നു.Source: Facebook/ Ranjit Thampy

കേരളത്തിൽ ഹർത്താലിൻ്റെ പ്രതീതി സൃഷ്ടിച്ച് ദേശീയ പണിമുടക്ക്; പലയിടത്തും ബസുകൾ തടഞ്ഞു, ഒറ്റപ്പെട്ടയിടങ്ങളിൽ അക്രമ സംഭവങ്ങൾ

മിക്കയിടത്തും കെഎസ്ആർടിസി ബസുകൾ നിരത്തിലിറങ്ങിയില്ല. സർവീസ് നടത്താനുള്ള കെഎസ്ആർടിസി ജീവനക്കാരുടെ ശ്രമം പലയിടത്തും സമരാനുകൂലികൾ തടഞ്ഞു.
Published on

കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു. നിലവിൽ പണിമുടക്ക് കേരളത്തിൽ ഹർത്താലിൻ്റെ പ്രതീതിയാണ് സൃഷ്ടിക്കുന്നത്. മിക്കയിടത്തും കെഎസ്ആർടിസി ബസുകൾ നിരത്തിലിറങ്ങിയില്ല. സർവീസ് നടത്താനുള്ള കെഎസ്ആർടിസി ജീവനക്കാരുടെ ശ്രമം പലയിടത്തും സമരാനുകൂലികൾ തടഞ്ഞു. ഇതോടെ പൊതുഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

തിരുവനന്തപുരം ആറ്റിങ്ങലിൽ സമരാനുകൂലികള്‍ ബസ് തടഞ്ഞതോടെ പൊലീസുമായി നേരിയ തോതിൽ സംഘർഷമുണ്ടായി. സമരക്കാരെ തടഞ്ഞ പൊലീസുകാരനെ കൈയ്യേറ്റം ചെയ്യാൻ ശ്രമം ഉണ്ടായതോടെയാണ് സംഘർഷത്തിലേക്ക് എത്തിയത്. മലപ്പുറം മഞ്ചേരിയിൽ പൊലീസും സമരാനുകൂലികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

തിരുവനന്തപുരത്ത് ഹർത്താലിന് സമാനമായാണ് ദേശീയ പണിമുടക്ക് പുരോഗമിക്കുന്നത്. നഗരത്തിൽ കെഎസ്ആർടിസി, പ്രൈവറ്റ് ബസുകൾ സർവീസ് നടത്തിയില്ല. കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. വിരലിലെണ്ണാവുന്ന സ്വകാര്യ വാഹനങ്ങളാണ് നിരത്തിലിറങ്ങിയത്. എന്നാൽ ചുരുക്കം ചില ഓട്ടോറിക്ഷകൾ സർവീസ് നടത്തി. ഗ്രാമപ്രദേശങ്ങളിൽ സർവീസ് നടത്തിയ കെഎസ്ആർടിസി ബസുകൾ പലയിടത്തും തടഞ്ഞ് സമരാനുകൂലികൾ യാത്രക്കാരെ ഇറക്കിവിട്ടു.

National Strike Kerala
ദേശീ​യ പ​ണി​മു​ട​ക്ക്: സർവകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവെച്ചു

ആറ്റിങ്ങൽ, നെയ്യാറ്റിൻകര, കാട്ടാക്കട, നെടുമങ്ങാട് എന്നിവിടങ്ങളിലെ ചിലയിടത്ത് ബസുകൾക്കൊപ്പം സ്വകാര്യ വാഹനങ്ങളും തടഞ്ഞു. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ആർസിസിയിലേക്കും, മെഡിക്കൽ കോളേജിലേക്കുമെത്തിയ രോഗികൾക്കായി പൊലീസ് വാഹനമൊരുക്കി. സേനയുടെ ബസുകളാണ് ഇതിനായി സജ്ജീകരിച്ചത്. ബിഎംഎസിന്റെ നേതൃത്വത്തിൽ സേവാഭാരതിയുടെ ആംബുലൻസുകളും ആശുപത്രികളിലേക്ക് ആളുകളെ എത്തിച്ചു. പൊതുവേ സമാധാനാന്തരീക്ഷത്തിലാണ് തിരുവനന്തപുരത്ത് പണിമുടക്ക്.

National Strike Kerala
ദേശീയ പണിമുടക്ക് ആരംഭിച്ചു; വിവിധ സർവീസുകള്‍ തടസപ്പെടും, പരീക്ഷകള്‍ മാറ്റിവെച്ചു

പത്തനംതിട്ട ജില്ലയിൽ പണിമുടക്ക് പൂർണമാണ്. അടൂരിലും പന്തളത്തും കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ സമരാനുകൂലികൾ തടഞ്ഞു. ചുരുക്കം വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. പത്തനംതിട്ടയിൽ നിന്നും കൊല്ലത്തേക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ ഹെൽമെറ്റ് ധരിച്ച് വാഹനം ഓടിച്ചു. ഇതേ ബസ് അടൂരിൽ വെച്ച് സമരക്കാർ തടഞ്ഞിരുന്നു.

അതേസമയം, സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് കാസർഗോഡ് ജില്ലയിൽ ഭാഗികമാണ്. ജില്ലയിൽ പൊതുഗതാഗതം സ്തംഭിച്ചു. കാസർഗോഡ്, കാഞ്ഞങ്ങാട് ഡിപ്പോകളിൽ നിന്ന് സർവീസ് നടത്തേണ്ട കെഎസ്ആർടിസി ബസുകൾ പൂർണമായും സർവീസുകൾ നിർത്തിവച്ചു. കൊല്ലൂരിലേക്കുള്ള കൊട്ടാരക്കര ഡിപ്പോയിലെയും, തിരുവനന്തപുരം ഡിപ്പോയിലെയും കെഎസ്ആർടിസി ബസുകൾ മാത്രമാണ് കാസർഗോഡ് ജില്ല വഴി സർവീസ് നടത്തിയത്.

കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ചരക്ക് വാഹനങ്ങളും ഓട്ടോറിക്ഷകളും സമരാനുകൂലികൾ തടഞ്ഞു. ചിലയിടത്ത് ഓട്ടോറിക്ഷാ തൊഴിലാളികളുമായി സമരാനുകൂലികൾ തർക്കമുണ്ടായി. കാസർഗോഡ്, മഞ്ചേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ സംയുക്ത ട്രേഡ് യൂണിയൻ പ്രതിഷേധ മാർച്ചുകൾ നടത്തി. പണിമുടക്ക് കേരളത്തില്‍ ട്രെയിന്‍ സര്‍വീസിനെ ബാധിച്ചിട്ടില്ല. റെയില്‍വേ സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ പൊലീസ് സ്വീകരിച്ചിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com