ദേശീയ പണിമുടക്ക് ആരംഭിച്ചു; വിവിധ സർവീസുകള്‍ തടസപ്പെടും, പരീക്ഷകള്‍ മാറ്റിവെച്ചു

പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രംSource: ANI
Published on

രാജ്യത്ത് സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ആരംഭിച്ചു. അർദ്ധരാത്രി മുതലാണ് പണിമുടക്ക് ആരംഭിച്ചത്. റെയിൽവേ, വൈദ്യുതി, തുറമുഖം, ഗതാഗതം, ബാങ്കിങ്, ഇൻഷുറൻസ്, പോസ്റ്റൽ സർവീസുകൾ മുതൽ കൽക്കരി ഖനനം വരെയുള്ള വിവിധ മേഖലകളിലുള്ള തൊഴിലാളികളാണ് പണിമുടക്കുന്നത്. പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ബിഎംഎസ് ഒഴികെയുള്ള മറ്റെല്ലാ ട്രേഡ് യൂണിയൻ സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നരേന്ദ്ര മോദി നേതൃത്വം കൊടുക്കുന്ന എന്‍ഡിഎ സർക്കാരിൻ്റെ തൊഴിൽ ചട്ടങ്ങൾ പിൻവലിക്കുക, തൊഴിൽ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ നടപ്പിലാക്കുക, പൊതുമേഖല സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കൽ നിർത്തിവയ്ക്കു‌ക, ആശാ വർക്കർ അടക്കമുള്ള എല്ലാ വിഭാഗങ്ങളെയും മിനിമം വേതനം 26,000 ആയി ഉയർത്തുക തുടങ്ങിയ 16 ആവശ്യങ്ങൾ ഉന്നയിച്ചാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

ഫയല്‍ ചിത്രം
ദേശീയ പണിമുടക്ക് നേരിടാൻ കെഎസ്ആർടിസി; സർവീസുകള്‍ സാധാരണ പോലെ തുടരാന്‍ നിർദേശം

​പണി​മു​ട​ക്കിനെ തുടർന്ന് കേരള, കാലിക്കറ്റ്, മഹാത്മാ ഗാന്ധി സർവകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവെച്ചു. മഹാത്മാഗാന്ധി സർവകലാശാല ജൂലൈ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പ്രാക്ടിക്കൽ പരീക്ഷകൾ അടക്കം മാറ്റിയിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലയും കേരള സർവകലാശാലയും ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതികള്‍ സർവകലാശാലകള്‍ പിന്നീട് അറിയിക്കും.

അതേസമയം, എല്ലാ സർവീസുകളും സാധാരണ പോലെ പ്രവർത്തിക്കണം എന്നാണ് കെഎസ്ആർടിസിക്ക് നല്‍കിയിരിക്കുന്ന നിർദേശം. ദീർഘദൂര, അന്തർസംസ്ഥാന സർവീസുകളും പ്രവർത്തിക്കണമെന്നും ക്രമസമാധാന പ്രശ്നം ഉണ്ടായാൽ പൊലീസ് സഹായം തേടാനുമാണ് ഉത്തരവ്. കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടറാണ് നിർദേശം നൽകിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com