

ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ജിസാറ്റ് 1-എയെ വഹിച്ചുകൊണ്ടുള്ള ജിഎസ്എൽവി എഫ് 17 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെൻ്ററിലെ രണ്ടാമത്തെ ലോഞ്ച് പാഡിൽനിന്ന് പുലർച്ചെ 2.55-ഓടെയായിരുന്നു വിക്ഷേപണം. ജിഎസ്എൽവിയുടെ പത്തൊമ്പതാം ദൗത്യമാണിത്.
മഴയ്ക്കിടെയായിരുന്നു ജിഎസ്എൽവിയുടെ വിക്ഷേപണം നടന്നത്. 18 മിനിറ്റ് 45 സെക്കൻഡിൽ വിക്ഷേപണ വാഹനത്തിൽ നിന്നു വേർപെട്ടു. വിക്ഷേപണം വിജയമെന്ന് ഐഎസ്ആർഒ അറിയിച്ചു.
ഇന്ത്യൻ ഭൂപ്രദേശത്തിൻ്റെ തത്സമയ ചിത്രം നൽകാൻ ശേഷിയുള്ള ജിയോ ഇമേജിങ് ഉപഗ്രഹമായ ജിസാറ്റ്–1എ ആണ് 36,000 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിച്ചത്. ചുഴലിക്കാറ്റുകൾ, പ്രളയം, കാട്ടുതീ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ എന്നിവയുടെ കൃത്യമായ നിരീക്ഷണങ്ങളും വിവരങ്ങളും ഇതിലൂടെ ലഭിക്കും.
അതിർത്തി സുരക്ഷ, പരിസ്ഥിതി നിരീക്ഷണം, കാർഷിക മേഖലയിലെ ആവശ്യങ്ങൾ എന്നിവയ്ക്കും ഉപഗ്രഹം വിവരങ്ങൾ നൽകും. കഴിഞ്ഞ ജൂലൈയിലെ നൈസാർ ഉപഗ്രഹദൗത്യത്തിനു ശേഷമുള്ള ജിഎസ്എൽവി റോക്കറ്റ് വിക്ഷേപണമാണിത്. ജനുവരി 12ന് പിഎസ്എൽവി സി–62 ദൗത്യം പരാജയപ്പെട്ടതിന് ശേഷമുള്ള ആദ്യ വിക്ഷേപണം കൂടിയാണിത്.