

കൊച്ചി: നീറ്റ് ചോദ്യപേപ്പർ ചോർച്ച കേന്ദ്ര സർക്കാരിൻ്റെ പിടിപ്പുകേടാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്. പ്രധാനമന്ത്രിയ്ക്ക് ഉത്തരവാദിത്തം ഉണ്ടെങ്കിൽ പരീക്ഷ നടത്തുന്ന സ്വകാര്യ ഏജൻസികളെ പിരിച്ചുവിടണം, പരീക്ഷ നടത്തുന്നവർ തന്നെയാണ് ചോദ്യപേപ്പർ ചോർത്തുന്നതെന്നും പി.എസ്. സഞ്ജീവ് പറഞ്ഞു.
പരീക്ഷ നടത്തിപ്പ് സർക്കാർ സംവിധാനത്തിലേക്ക് മാറ്റണം. സിബിഐയിൽ വിശ്വാസമില്ല. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ കഷ്ടപാടാണ് ഒറ്റ ദിവസം കൊണ്ട് ഇല്ലാതാക്കിയതെന്നും സഞ്ജീവ് പറഞ്ഞു. എൻട്രൻസ് കമ്മീഷണർമാർ തന്നെ സർക്കാർ സംവിധാനത്തിലേക്ക് പരീക്ഷ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നുണ്ട്.
ഏജൻസികൾക്ക് അവരുടേതായ സ്വാർത്ഥ താൽപര്യങ്ങളുണ്ടാകും. കേരളത്തിലെ കോച്ചിംഗ് സെൻ്ററുകളിലും മാഫിയകൾ പ്രവർത്തിക്കുന്നു. കോച്ചിംഗ് സെൻ്ററുകൾക്ക് ലഭിക്കുന്ന രാഷ്ട്രീയ പിന്തുണ പരിശോധിക്കണം. രാജ്യവ്യാപകമായി എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പി.എസ്. സഞ്ജീവ് പറഞ്ഞു.