മൂവാറ്റുപുഴ ജില്ല യാഥാർഥ്യമാകുമോ?; ചർച്ചകൾ ചൂടുപിടിക്കുന്നു

സ്വന്തം ജില്ലയിൽ നിന്ന് മൂവാറ്റുപുഴ വേർപെട്ടുപോകുന്നതിൽ വ്യക്തിപരമായ വിഷമമുണ്ടെങ്കിലും ജനങ്ങളുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്നാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്
മൂവാറ്റുപുഴ ജില്ല യാഥാർഥ്യമാകുമോ?; ചർച്ചകൾ ചൂടുപിടിക്കുന്നു
Published on
Updated on

നാല് പതിറ്റാണ്ടിലേറെയായി മലയോര-കിഴക്കൻ മേഖലകൾ ഉയർത്തുന്ന മൂവാറ്റുപുഴ ജില്ല എന്ന ആവശ്യത്തിൽ വീണ്ടും ചർച്ചകൾ ചൂടുപിടിക്കുന്നു. മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കുന്നത് പരിഗണിക്കാൻ ഡീ-ലിമിറ്റേഷൻ കമ്മീഷനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചതോടെയാണ് വിഷയം വീണ്ടും മുഖ്യധാരയിലെത്തുന്നത്. മാത്യു കുഴൽനാടൻ എംഎൽഎ ഉന്നയിച്ച ആവശ്യത്തിന് മുഖ്യമന്ത്രി നൽകിയ അനുകൂല പ്രതികരണം മേഖലയിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്.

മൂവാറ്റുപുഴ ജില്ല യാഥാർഥ്യമാകുമോ?; ചർച്ചകൾ ചൂടുപിടിക്കുന്നു
മോഷണം, സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ നടപടി; ഓപ്പറേഷൻ ഓണത്തുമ്പിയുമായി പൊലീസ്

മൂവാറ്റുപുഴ ആസ്ഥാനമായി പുതിയൊരു റവന്യൂ ജില്ല എറണാകുളം, ഇടുക്കി ജില്ലകളിലെ അതിര്‍ത്തി പങ്കിടുന്ന ജനങ്ങളുടെ ചിരകാല സ്വപ്നമാണ്. ഓണപരിപാടിക്കിടെ മാത്യു കുഴൽനാടൻ എംഎൽഎ ഉന്നയിച്ച ആവശ്യത്തോട് മുഖ്യമന്ത്രി വി.ഡി. സതീശൻ പോസിറ്റീവായി പ്രതികരിച്ചതോടെയാണ് ജില്ല രൂപീകരണ ചർച്ചകൾക്ക് വീണ്ടും ജീവൻ വെച്ചത്. സ്വന്തം ജില്ലയിൽ നിന്ന് മൂവാറ്റുപുഴ വേർപെട്ടുപോകുന്നതിൽ വ്യക്തിപരമായ വിഷമമുണ്ടെങ്കിലും ജനങ്ങളുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്നാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്. പ്രദേശത്തെ ജനങ്ങളുടെ ദീർഘകാല ആവശ്യത്തില്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടായത് സന്തോഷകരമാണെന്ന് സ്ഥലം എംഎല്‍എ മാത്യും കുഴല്‍നാടന്‍ പ്രതികരിച്ചു.

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകൾ പൂർണ്ണമായും മൂവാറ്റുപുഴ ജില്ലയുടെ ഭാഗമാക്കണമെന്നാണ് ആവശ്യം. അതോടൊപ്പം കുന്നത്തുനാട് താലൂക്കിലെ കോലഞ്ചേരി, ഐക്കരനാട് മേഖലകളും പിറവത്തിന്‍റെയും പെരുമ്പാവൂരിന്‍റെയും ചില ഭാഗങ്ങള്‍ തൊടുപുഴ താലൂക്കിലെ ലോറേഞ്ച് പ്രദേശങ്ങള്‍ എന്നിവയും മൂവാറ്റുപുഴ ജില്ലയില്‍ ഉള്‍പ്പെടുത്തണമെന്നതിലാണ് ചര്‍ച്ച. നിലവിൽ ഭരണപരമായ ആവശ്യങ്ങൾക്ക് കിഴക്കൻ-മലയോര മേഖലകളിലെ സാധാരണക്കാർക്ക് കാക്കനാട് കളക്ടറേറ്റിലോ, ഇടുക്കിയിലെ പൈനാവിലോ എത്താൻ മണിക്കൂറുകൾ സഞ്ചരിക്കേണ്ട ഗതികേടാണുള്ളത്. കൊച്ചി നഗരകേന്ദ്രീകൃതമായി ഒതുങ്ങിനിൽക്കുന്ന വികസന പദ്ധതികൾ കാർഷിക-വ്യവസായ പ്രാധാന്യമുള്ള കിഴക്കൻ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ പുതിയ ജില്ല സഹായകമാകും. ഒരു ജില്ലാ ആസ്ഥാനത്തിന് അനുയോജ്യമായ മിനി സിവിൽ സ്റ്റേഷൻ ഉൾപ്പെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും പതിറ്റാണ്ടുകൾക്ക് മുൻപേ തന്നെ മൂവാറ്റുപുഴയിൽ സജ്ജമാണ്.

മൂവാറ്റുപുഴ ജില്ല യാഥാർഥ്യമാകുമോ?; ചർച്ചകൾ ചൂടുപിടിക്കുന്നു
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം; തിരുവോണനാളിൽ ഉപവാസ സമരവുമായി എംപിമാർ

ഇതാദ്യമായല്ല മൂവാറ്റുപുഴ ജില്ലാ പ്രഖ്യാപനം ഉണ്ടാകുന്നത്. 1982-ൽ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ മൂവാറ്റുപുഴ ജില്ല രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് തുടർനടപടികൾ നിലച്ചുപോവുകയായിരുന്നു. നാല് പതിറ്റാണ്ടിനു ശേഷം വിഷയം വീണ്ടും സർക്കാരിന്റെ സജീവ പരിഗണനയിൽ വരുമ്പോൾ, പതിറ്റാണ്ടുകളുടെ ഈ കാത്തിരിപ്പിന് പൂർണ്ണവിരാമമാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മൂവാറ്റുപുഴ ജില്ല യാഥാർത്ഥ്യമായാൽ മധ്യകേരളത്തിന്റെ സമഗ്ര വികസനത്തിന് വഴിത്തിരിവാകുമെന്നാണ് വിലയിരുത്തല്‍.

News Malayalam 24x7
newsmalayalam.com