

മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യത്തിൽ മുഖ്യമന്ത്രി അനുകൂല സൂചന നൽകിയതോടെ, നാലു പതിറ്റാണ്ടുകൾക്ക് ശേഷം കേരളത്തിൽ വീണ്ടും ജില്ലാ വിഭജന ചർച്ചകൾക്ക് ചൂട് പിടിക്കുന്നു. 1984-ൽ കാസർകോടും പത്തനംതിട്ടയും രൂപീകരിച്ചതിന് ശേഷം പുതിയ ജില്ലകളൊന്നും സംസ്ഥാനത്ത് നിലവില്‍ വന്നിട്ടില്ല. മലപ്പുറം ജില്ല വിഭജന നീക്കം വേഗത്തിലാക്കണമെന്ന ആവശ്യമാണ് മുസ്ലിം ലീഗ് മുന്നോട്ട് വെക്കുന്നത്. തൊടുപുഴയെ ഒഴിവാക്കി മൂവാറ്റുപുഴ ജില്ല രൂപീകരിക്കണമെന്ന ആവശ്യത്തില്‍ രാഷ്ട്രീയ വിവാദവും സജീവമാണ്.
കാക്കനാട് കളക്ടറേറ്റുകളിലെത്താൻ കിലോമീറ്ററുകൾ താണ്ടേണ്ടിവരുന്ന എറണാകുളത്തെ മലയോര-കിഴക്കൻ മേഖലയിലെ ജനങ്ങളുടെ ദുരിതത്തിനാണ് മൂവാറ്റുപുഴ ജില്ല യാഥാർത്ഥ്യമാകുന്നതോടെ പരിഹാരമാവുക. കൊച്ചി കേന്ദ്രീകൃതമായ വികസനം, കാർഷിക-ടൂറിസം മേഖലയായ കിഴക്കൻ പ്രദേശത്തേക്ക് കൂടി എത്താന്‍ പുതിയ ജില്ല അനിവാര്യമാണെന്നാണ് വാദം. മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകൾ പൂർണമായും കുന്നത്ത്‌നാടിന്റെയും തൊടുപുഴയുടെയും ചില ഭാഗങ്ങളും ചേർത്താണ് പുതിയ ജില്ല രൂപീകരണ ചര്‍ച്ചകള്‍ മുന്നോട്ട് പോകുന്നത്.
എന്നാൽ, തൊടുപുഴയെ ഇടുക്കിയിൽ നിന്ന് അടർത്തിമാറ്റുന്നതിനെച്ചൊല്ലി രാഷ്ട്രീയ പോരും മുറുകുകയാണ്. തൊടുപുഴയെ ഒഴിവാക്കിയാല്‍ ഇടുക്കിയുടെ പ്രാധാന്യം കുറയ്ക്കുമെന്നതാണ് പി ജെ ജോസഫ് വിഭാഗം ഉള്‍പ്പെടെയുള്ള കേരള കോണ്‍ഗ്രസുകാരുടെ എതിര്‍പ്പ്. അതേ സമയം തൊടുപുഴയുടെ ലോ റേഞ്ച് ഭാഗങ്ങള്‍ ഇടുക്കി ജില്ലയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ഭരണപക്ഷ എംഎല്‍എ സേനാപതി വേണുവിന്‍റെ നിലപാട്.
ജനസംഖ്യയിൽ ഒന്നാമതുള്ള മലപ്പുറം ജില്ല വിഭജിക്കണമെന്ന കാലങ്ങളായുള്ള ആവശ്യവും ഇതൊടൊപ്പം ശക്തമാകുകയാണ്. 1969-ൽ 14 ലക്ഷം മാത്രമായിരുന്ന ജില്ലയിലെ ജനസംഖ്യ ഇപ്പോൾ 47 ലക്ഷം കവിഞ്ഞു. ജനസംഖ്യാനുപാതികമായ ഫണ്ടുകളോ ഭരണസൗകര്യങ്ങളോ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി തിരൂർ ആസ്ഥാനമായി പുതിയ ജില്ല വേണമെന്നാണ് പ്രധാന ആവശ്യം. മലപ്പുറം വിഭജനം നാടിന്റെ ആവശ്യമാണെന്നും നടപ്പാകുമെന്നാണ് പ്രതീക്ഷയെന്നും മുസ്ലിം ലീഗ് ജില്ലാ നേതൃത്വം പ്രതികരിച്ചു. അതിനിടെ തലസ്ഥാന ജില്ലയുടെ മലയോര മേഖലകളെ ഏകോപിപ്പിച്ച് നെയ്യാറ്റിൻകര കേന്ദ്രീകരിച്ച് പുതിയ ജില്ല വേണമെന്ന ആവശ്യവും വീണ്ടും ഉയരുന്നുണ്ട്.