കോഴിക്കോട്: കേരളത്തിലെ ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾ ലോകരാജ്യങ്ങളിൽ തന്നെ ചർച്ചയായവുകയാണ്. ഇപ്പോഴിതാ പുതിയ ജനകീയ ആരോഗ്യകേന്ദ്രം തുറക്കുന്നതോടെ ആതുരസേവനരംഗത്ത് ബേപ്പൂരിന്റെ ചരിത്രം കൂടി എഴുതിച്ചേർക്കുകയാണ്. ബേപ്പൂർ ബിസി റോഡിൽ വർഷങ്ങളായി പൂട്ടിക്കിടന്നിരുന്ന അലക്കുകേന്ദ്രം ഇനി മുതൽ ഇവിടുത്തെ നഗര ജനകീയ ആരോഗ്യകേന്ദ്രമായി മാറുകയാണ്.
കോർപ്പറേഷനിൽ അനുവദിച്ച 24 ജനകീയ ആരോഗ്യകേന്ദ്രങ്ങളിൽ ഏറ്റവും അവസാനത്തേതാണ് ഇപ്പോൾ ഉദ്ഘാടനത്തിനൊരുങ്ങുന്ന നഗര ജനകീയ ആരോഗ്യകേന്ദ്രം. 2005ലാണ് കെട്ടിടം ആദ്യം ഉദ്ഘാടനം നിർവഹിച്ചത്. ബേപ്പൂർ പഞ്ചായത്തിന് കീഴിൽ തുടങ്ങിയ ഈ കെട്ടിടം മത്സ്യ സംസ്കരണ യൂണിറ്റായിരുന്നു. പിന്നീട് അലക്കു കേന്ദ്രമായി മാറി. എന്നാൽ ക്രമേണ പൊടി ശല്യം കാരണം അലക്ക് കേന്ദ്രം അടച്ചുപൂട്ടി. തുടർന്ന് ബേപ്പൂർ പഞ്ചായത്ത് കോർപറേഷന്റെ ഭാഗമായി മാറിയതോടെ കെട്ടിടവും കോർപ്പറേഷന്റെയായി.
ഇന്ന് 25 ലക്ഷം രൂപ വകയിരുത്തിയാണ് ഈ കെട്ടിടം ആരോഗ്യകേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്. തിങ്കൾ മുതൽ ശനി വരെ ഇവിടെ ഡോക്ടറുടെ സേവനം ലഭ്യമായിരിക്കും. ഉച്ചക്ക് ഒരു മണി മുതൽ 7 മണിവരെയാണ് ചികിത്സാ സമയം. രണ്ട് സ്റ്റാഫ് നഴ്സ്, ഒരു ഫാർമസിസ്റ്റ്, സപ്പോർട്ടിംഗ് സ്റ്റാഫ് എന്നിവർ ഈ ആരോഗ്യകേന്ദ്രത്തിൽ ഉണ്ടാകും. കിലോമീറ്ററുകൾ അപ്പുറമുള്ള ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രത്തെ ആശ്രയിച്ചിരുന്ന പ്രദേശവാസികൾക്ക് പുതിയ നഗര ജനകീയ ആരോഗ്യ കേന്ദ്രം ഏറെ ആശ്വാസമാണ് നൽകുന്നത്.