

കാസർഗോഡ്: ബളാൽ പഞ്ചായത്തിൽ വീട് നിർമാണത്തിന് മണ്ണെടുത്ത നിർധനയായ വയോധികയ്ക്ക് പിഴയിട്ടതിൽ , ന്യൂസ് മലയാളം വാർത്തയ്ക്ക് പിന്നാലെ സർക്കാർ ഇടപെടൽ . തങ്കമണിയുടെ പിഴ ഒഴിവാക്കി നൽകാൻ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിർദേശം നൽകി . കല്ലും മണലും കടത്തിയെന്ന് ആരോപിച്ച് ഒരു ലക്ഷം രൂപയാണ് തങ്കമണിക്ക് ജിയോളജി വകുപ്പ് പിഴയിട്ടത് . വകുപ്പിൽ നിന്ന് വിശദമായ റിപ്പോർട്ടും മന്ത്രി തേടി .
കാസർകോട് ബളാൽ പഞ്ചായത്ത് ഓഫീസിനടുത്ത് തങ്കമണിയുടെ പേരിലുള്ള എട്ട് സെന്റ് ഭൂമിയിൽ നിന്ന് , വൻ തോതിൽ കല്ലും മണ്ണും അനുമതിയില്ലാതെ കടത്തിയെന്ന് ആരോപിച്ചാണ് മാസങ്ങൾക്ക് മുൻപ് ജിയോളജി വകുപ്പ് തങ്കമണിക്ക് ഒരു ലക്ഷം രൂപ പിഴയിട്ടത് . പിഴ അടച്ചില്ലെങ്കിൽ ജയിലിൽ പോകേണ്ടി വരുമെന്ന് പറഞ്ഞ് ഭയപ്പെടുത്തി നോട്ടീസിൽ ഒപ്പ് വാങ്ങിച്ചു.
വീട് നിർമിക്കാൻ തറ നിരത്തിയപ്പോൾ വന്ന കല്ലും മണ്ണും, റോഡിന് മറുവശത്തുള്ള സ്വകാര്യ വ്യക്തിയുടെ ഭൂമിയിലേക്ക് മാറ്റിയിട്ടതാണെന്നും , എവിടേക്കും കടത്തിക്കൊണ്ട് പോയിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടും ഉദ്യോഗസ്ഥർ ചെവികൊണ്ടില്ല . ആഴ്ചകൾക്കു മുൻപ് വീണ്ടും പുതിയ നോട്ടീസ് വന്നു. പിഴത്തുക 46,000 ആയി കുറഞ്ഞു . പിഴ അടച്ചേ പറ്റൂ എന്നും ഉദ്യോഗസ്ഥർ അറിയിച്ചു . മഴ തുടരുന്നതിനാൽ പാതിവഴിയിലായ വീട് നിർമാണം പൂർത്തീകരിക്കാൻ പോലും സാധിച്ചിട്ടില്ല .
കാഴ്ചാപരിമിതിയുള്ള ഭർത്താവിനൊപ്പം വാടകവീട്ടിൽ കഴിയുന്ന തങ്കമണി ഇത്രയും വലിയ പിഴത്തുക എങ്ങനെ അടയ്ക്കുമെന്ന ആശങ്കയിലായിരുന്നു .തങ്കമണിയുടെ നിസ്സഹായതയിൽ ന്യൂസ് മലയാളത്തിന്റെ വാർത്താ ഇടപെടൽ ഫലം കണ്ടു .തങ്കമണിക്ക് പിഴ ഒഴിവാക്കി നൽകാൻ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിർദേശം നൽകി . പിഴയിട്ടതിൽ വകുപ്പിനോട് മന്ത്രി റിപ്പോർട്ടും തേടിയിട്ടുണ്ട് .
ആശ്വാസമായ സർക്കാർ ഇടപെടലിൽ ന്യൂസ് മലയാളത്തിനോട് തങ്കമണി നന്ദി പറഞ്ഞു.ജില്ലയിൽ പലയിടത്തും സംരക്ഷിത ഭൂമിയിൽ പോലും കുന്നിടിച്ചും കല്ല് പൊട്ടിച്ചും വീട് നിർമാണം നടക്കുമ്പോഴാണ് ജിയോളജി വകുപ്പ് തങ്കമണിക്ക് പിഴയിട്ടതെന്നും വിമർശനം ഉയർന്നിരുന്നു .