

തിരുവനന്തപുരം: കായിക താരങ്ങളുടെ പാരിതോഷികം മുടങ്ങിയതിൽ നടപടിക്ക് ഒരുങ്ങി കായിക വകുപ്പ്. ന്യൂസ് മലയാളം വാര്‍ത്തയില്‍ കായിക വകുപ്പ് ഡയറക്ടറോട് മന്ത്രി ഒ.ജെ ജനീഷ് റിപ്പോര്‍ട്ട് തേടി. രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. വിഷയത്തിൽ കായിക വകുപ്പ് സമഗ്രാന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ദേശീയ- അന്തർദേശീയ മത്സരങ്ങളിൽ മെഡൽ നേടിയ മലയാളി കായിക താരങ്ങളെ സർക്കാർ അവഗണിക്കുന്നു എന്നായിരുന്നു പ്രധാന ആക്ഷേപം. റെക്കോർഡ് തിരുത്തി മികച്ച പ്രകടനം കാഴ്ച വെച്ച താരങ്ങൾക്ക് പോലും പ്രഖ്യാപിച്ച പാരിതോഷികം ഇതുവരെ ലഭിച്ചിട്ടില്ല. എട്ട് വർഷമായി തുക കുടിശ്ശികയാണ്. ഈ സമീപനം താരങ്ങളുടെ ആത്മവിശ്വാസം കെടുത്തുന്നതാണെന്ന വിമർശനവും ശക്തമാണ്. 3.75 ലക്ഷം രൂപയാണ് അത്‌ലറ്റിക്സിലെ ദേശീയ , രാജ്യാന്തര നേട്ടങ്ങൾക്ക് പാരിതോഷികമായി ആൻസി സോജന് ഇനിയും സംസ്ഥാന സർക്കാർ നൽകാനുള്ളത്.
അതേ സമയം നിലവിലെ വിവാദങ്ങൾ പരിഗണിച്ച് സമഗ്ര അഴിച്ചുപണിക്ക് ഒരുങ്ങുകയാണ് കായിക വകുപ്പ്. സ്പോർട്സ് അസോസിയേഷനുകൾ ഓഡിറ്റ് ചെയ്യും. വിവരശേഖരണത്തിനുള്ള ചോദ്യാവലി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സംസ്ഥാന സ്പോർട്സ് കൗൺസിൽ സെക്രട്ടറിക്ക് കൈമാറി. കായിക മേഖലയിലെ അസോസിയേഷനുകളെ കുറിച്ച് വ്യാപക പരാതികൾ ഉയർന്നതിൻ്റെ അടിസ്ഥാനത്തിലാണ് ഓഡിറ്റ് നടപടി. സ്പോർട്സ് കൗൺസിലിൽ നിന്ന് നിർദ്ദേശം ലഭിച്ച് ഏഴു ദിവസത്തിനകം അസോസിയേഷനുകൾ മറുപടി നൽകണമെന്നാണ് കർശന നിർദേശം. വിവരങ്ങളുമായി ബന്ധപ്പെട്ട സമഗ്ര രേഖകൾ ഹാജരാക്കാനും നിർദേശമുണ്ട്.