
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ ഒളിവിലുള്ള കോൺഗ്രസ് കൗൺസിലർ ജോസ് ഫ്രാങ്ക്ളിന് കുരുക്ക് മുറുകുന്നു. നേരത്തെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഇയാൾക്കെതിരെ കേസെടുത്തിരുന്നു. അതിന് പുറമെ പ്രതിക്കെതിരെ ലൈംഗികാതിക്രമം, ബലാത്സംഗം എന്നീ വകുപ്പുകൾ കൂടി ചുമത്തിയെന്ന് വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഒടുവിലായി ഭാരതീയ ന്യായസംഹിതയിലെ 63, 64, 74, 75 എന്നീ വകുപ്പുകൾ കൂടിയാണ് ജോസ് ഫ്രാങ്ക്ളിനെതിരെ ചുമത്തിയത്. പ്രതിയായ ജോസ് ഒളിവിലാണെന്നാണ് പൊലീസ് നൽകുന്ന വിവരം.
നെയ്യാറ്റിൻകരയിൽ അടുപ്പിൽ നിന്ന് തീ പടർന്ന് വീട്ടമ്മ മരിച്ച സംഭവം ആത്മഹത്യയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഫോറൻസിക് നടത്തിയ പരിശോധനയിൽ ഇവരുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ കൂടിയായ ജോസ് ഫ്രാങ്ക്ളിന് എതിരെ ഗുരുതര ആരോപണങ്ങളാണ് കത്തിൽ ഉണ്ടായിരുന്നത്.
ജോസ് ഫ്രാങ്ക്ളിനിൽ നിന്നും അമ്മയ്ക്ക് ദുരനുഭവം ഉണ്ടായെന്നും നിരന്തരം ശല്യപ്പെടുത്തിയിരുന്നു എന്നും മരിച്ച വീട്ടമ്മയുടെ മകൻ രാഹുൽ പരാതി ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിൻകര സ്വദേശി സുനിതയെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. രാവിലെ അടുക്കളയിൽ പാചകത്തിനിടെ ഗ്യാസ് ലീക്ക് ആയാണ് മരണമെന്നായിരുന്നു സംശയം. എന്നാൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതോടെ സംഭവത്തിൻ്റെ ചുരുളഴിയുകയായിരുന്നു.