

ആലപ്പുഴ: ചേർത്തലയിൽ ദേശീയ പാതയിലെ ഗർത്തം രൂപപ്പെട്ടതിൽ വിശദീകരണവുമായി ദേശീയ പാത അതോറിറ്റി. ഭൂഗർഭ ജലപൈപ്പ് പൊട്ടിയതോടെ റോഡിന് അടിയിലെ മണ്ണ് ഒലിച്ചുപോയി. തുടർന്നാണ് കുഴി രൂപപ്പെട്ടതെന്ന് സാങ്കേതിക പരിശോധനയിൽ കണ്ടെത്തിയെന്നാണ് വിശദീകരണം. പഴയ കുടിവെള്ള പൈപ്പിന് സമാന്തരമായി സ്ഥാപിച്ച പുതിയ പൈപ്പ് പ്രവർത്തിപ്പിക്കാതിരുന്നതിൻ്റെ കാരണം അന്വേഷിക്കുമെന്നും എൻഎച്ച്എഐ വ്യക്തമാക്കി.
ചേർത്തല 11ാം മൈലിൽ നിർമാണം പൂർത്തിയായ ഭാഗത്താണ് ഗർത്തം രൂപപ്പെട്ടത്. നിർമാണത്തിലെ അശാസ്ത്രീയത കാരണമാണ് ഗർത്തം രൂപപ്പെട്ടതെന്ന ആക്ഷേപം ശക്തമായിരുന്നു. എൻജിനീയർമാരുടെ മേൽനോട്ടമില്ലാതെയാണ് നിർമാണ പ്രവൃത്തികൾ നടന്നത്. അടിപ്പാതയും മേൽ പാതയും ഉള്ള ഭാഗങ്ങളിൽ ഇൻ്റർലോക്ക് കട്ടകൾ ഒറ്റവരി അടുക്കിയാണ് പാർശ്വഭിത്തികൾ നിർമിച്ചിരുന്നത്. ഈ കട്ടകൾക്കിടയിലൂടെ മണ്ണ് ഒലിച്ചിറങ്ങുന്നുണ്ട്. ഇത് പാതയുടെ ബലക്ഷയത്തിനും ഗർത്തങ്ങളും കുഴികളും രൂപപ്പെടുന്നതിനും റോഡ് ഇടിയുന്നതിനും കാരണമാകുമെന്നും ആക്ഷേപമുണ്ട്.
ഇന്നലെ വൈകിട്ട് ആറുമണിയോടെ രൂപപ്പെട്ട ഗർത്തം മൂടാൻ അധികൃതർ രാത്രി ശ്രമിച്ചത് പ്രതിഷേധത്തിന് കാരണമായിരുന്നു. കലക്ടർ എത്താതെ ഗർത്തം മൂടാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ എംപി ദേശീയപാത അതോറിറ്റി ചെയർമാന് കത്ത് നൽകി. നിർമാണ പ്രവൃത്തികളിലെ വീഴ്ച അന്വേഷിക്കണമെന്നാണ് ആവശ്യം.