
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളിൽ കോടീശ്വരൻ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയും മുന്‍ എംഎൽഎയുമായ പി.വി. അൻവർ. അൻവറിന് 52.21 കോടിയുടെ ആസ്തിയുണ്ടെന്നാണ് നാമനിർദേശ പത്രികയ്‌ക്കൊപ്പം നൽകിയ സ്വത്ത് വിവരത്തിലെ കണക്ക്. യുഡിഎഫിന്‍റെ ആര്യാടൻ ഷൗക്കത്തിന് 8.12 കോടിയുടെയും എല്‍ഡിഎഫ് സ്ഥാനാർഥി എം. സ്വരാജിന് 63.89 ലക്ഷം രൂപയുടെയും ആസ്തിയാണുള്ളത്.
അൻവറിന് 20.60 കോടിയുടെ ബാധ്യതയുണ്ടെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. തൃണമൂല്‍ സ്ഥാനാർഥിയുടെ കൈവശമുള്ളത് 25,000 രൂപയാണ്. ജീവിതപങ്കാളിയുടെ കൈവശം 10,000 രൂപയും. എല്‍ഡിഎഫ് സ്ഥാനാർഥിയുടെ കൈയ്യില്‍ 1,200 രൂപയും യുഡിഎഫിന്‍റെ ആര്യാടന്‍ ഷൗക്കത്തിന്‍റെ കൈവശം 12,000 രൂപയുമാണുള്ളത്.
ഇന്നായിരുന്നു നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഇടതു മുന്നണി, ബിജെപി, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ കൂടി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതോടെ ശക്തമായ ചതുഷ്കോണ മത്സരത്തിനാണ് മണ്ഡലത്തില്‍ അരങ്ങൊരുങ്ങിയിരിക്കുന്നത്. ആകെ ആറ് സ്ഥാനാർഥികളാണ് പത്രിക നൽകിയത്. നാളെ പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ഈ മാസം അഞ്ചിനാണ്.
രാവിലെ 11 മണിയോടെ പ്രവർത്തകർക്കൊപ്പം പ്രകടനമായെത്തിയാണ് ഇടത് സ്ഥാനാര്‍ത്ഥി എം.സ്വരാജ് ഉപ വരണാധികാരി നിലമ്പൂര്‍ തഹസില്‍ദാര്‍ എം.പി. സിന്ധു മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. സിപിഐഎം പിബി അംഗം എ. വിജയരാഘവൻ, സിപിഐ അസിസ്റ്റൻ്റ് സെക്രട്ടറി പി.പി. സുനീർ എംപി, മന്ത്രി വി. അബ്ദുറഹിമാൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
രാവിലെ ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി പ്രഖ്യാപിച്ച പി.വി. അൻവർ തൊട്ടുപിന്നാലെ ചന്തക്കുന്നിൽ നിന്ന് തുറന്ന ജീപ്പിൽ റോഡ് ഷോയായി എത്തിയാണ് പത്രിക സമർപ്പിച്ചത്. തൃണമൂൽ കോൺഗ്രസ് നേതാവ് ഇ.എ. സുകു, ഓട്ടോ ഡ്രൈവർ സലാഹുദ്ദീൻ, കർഷകൻ സജി, വഴിയോരക്കച്ചവടക്കാരൻ ഷബീർ എന്നിവർക്കൊപ്പമാണ് അൻവർ നിലമ്പൂർ തഹസീൽദാർ മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചത്.
ബിജെപി സ്ഥാനാര്‍ഥി അഡ്വ. മോഹന്‍ ജോര്‍ജ് ഉച്ചയ്ക്ക് ശേഷം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നിലമ്പൂർ ജ്യോതി പടിയിൽ നിന്ന് പ്രവർത്തകർക്കൊപ്പം പ്രകടനമായാണ് മോഹൻ ജോർജ് പത്രിക സമർപ്പിക്കാനെത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ശോഭാ സുരേന്ദ്രന്‍, പി.കെ. കൃഷ്ണദാസ്, ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
മുതിർന്ന യുഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കും ഒപ്പമെത്തി യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു.