
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ അന്തിമ പോളിങ് ശതമാനം 75.27. കനത്ത മഴയിലും മികച്ച പോളിങ് ശതമാനമാണ് മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. നിലമ്പൂരിൽ കണക്കുകളുടെയും കണക്കുകൂട്ടലുകളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിൽ വിജയ പ്രതീക്ഷയിലാണ് മുന്നണികള്‍. ഉയർന്ന പോളിങ് ശതമാനം ട്രെന്‍ഡിന്റെ സൂചനയെന്നാണ് ഇരു മുന്നണികളും അവകാശപ്പെടുന്നത്.
നിലമ്പൂരിൽ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് ഇരു മുന്നണികളും. നേരിയ വോട്ടിന്റെ ഭൂരിപക്ഷത്തിൽ സ്വരാജിന്റെ വിജയം ഉറപ്പെന്നാണ് എല്‍ഡിഎഫ് ക്യാംപിന്റെ വിലയിരുത്തൽ. 15000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് യുഡിഎഫ് ക്യാംപ് പ്രതീക്ഷിക്കുന്നത്. പ്രാഥമിക വിലയിരുത്തലിൽ 15000 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.
അമരമ്പലം ഒഴികെയുള്ള ആറ് പഞ്ചായത്തുകളിലും ലീഡ് നേടാനാകുമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തൽ. ലീഗിന്റെ ശക്തികേന്ദ്രമായ വഴിക്കടവ്, മൂത്തേടം പഞ്ചായത്തുകളിലും കോൺഗ്രസ് ആധിപത്യമുള്ള ചുങ്കത്തറയിലും വ്യക്തമായ ലീഡ് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. അൻവർ നേടുന്ന വോട്ടുകൾ യുഡിഎഫിനെ കാര്യമായി ബാധിക്കില്ലെന്നും ഭരണവിരുദ്ധ വികാരം, യുഡിഎഫിലെ ഐക്യം, ലീഗിന്റെ അരയും തലയും മുറുക്കിയുള്ള പ്രവർത്തനം എന്നിവ വോട്ട് വർധിക്കാൻ കാരണമായതായും യുഡിഎഫ് ക്യാംപ് വിലയിരുത്തുന്നു.
എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്നും ഭരണവിരുദ്ധ വികാരം നിലമ്പൂരിൽ ഉണ്ടായില്ല എന്നതാണ് അനുഭവമെന്നുമായിരുന്നു എല്‍ഡിഎഫ് സ്ഥാനാർഥി എം. സ്വരാജിന്റെ പ്രതികരണം. 1500ൽ കുറയാത്ത ഭൂരിപക്ഷമാണ് എല്‍ഡിഎഫ് ക്യാംപും പ്രതീക്ഷിക്കുന്നത്. പോത്തുകല്ല്, കരുളായി, അമരമ്പലം പഞ്ചായത്തുകളിലും നിലമ്പൂർ നഗരസഭയിലും ലീഡ് ഉറപ്പെന്നാണ് എല്‍ഡിഎഫ് വിലയിരുത്തൽ.
യുഡിഎഫ് സ്ഥാനാർഥിയോട് കോൺഗ്രസിലെ ഒരു വിഭാഗത്തിനുള്ള എതിർപ്പ് വോട്ടിൽ പ്രതിഫലിക്കുമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍. അൻവർ നേടുന്ന ഭൂരിഭാഗം വോട്ടുകളും യുഡിഎഫിൽ നിന്നാകും. താഴെ തട്ടുമുതലുള്ള ചിട്ടയായ പ്രവർത്തനവും സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും വോട്ടായി പ്രതിഫലിക്കുമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടൽ. പാർട്ടി വോട്ടുകൾക്ക് പുറമെ 2000 ലധികം വോട്ടുകൾ വ്യക്തിപ്രഭാവത്തിലൂടെ നേടാൻ എം. സ്വരാജിന് കഴിയുമെന്നാണ് വിലയിരുത്തൽ. 7000 ലധികം വരുന്ന കന്നി വോട്ടർമാരുടെ വോട്ടുകളും നിർണായകമാകും.