കോഴിക്കോട്: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് നടക്കുന്ന തെറ്റായ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് ചർച്ചകൾക്ക് നേതൃത്വം നൽകുന്ന സൂഫി പണ്ഡിതൻ ഷെയ്ഖ് ഹബീബ് ഉമറിൻ്റെ ശിഷ്യൻ ജവാദ് മുസ്‌തഫാവി. ഇപ്പോൾ നടക്കുന്ന ഇടപെടലുകളിൽ ശുഭപ്രതീക്ഷ ഉണ്ട്. നമ്മുടെ ആളുകൾ തന്നെ മുടക്കാതിരുന്നാൽ ശുഭവാർത്ത കേൾക്കാമെന്നും അദ്ദേഹം അറിയിച്ചു.
കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ഈ വിഷയത്തിൽ ഇടപെട്ടും എന്ന് പറഞ്ഞപ്പോൾ മുതൽ പ്രചരണങ്ങൾ ആരംഭിച്ചതാണ്. സഹോദരൻ്റെ പോസ്റ്റ് എന്നതടക്കം പറഞ്ഞ് കാര്യങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. മോചന ശ്രമത്തെ എതിർക്കുന്നവർക്ക് സമനില തെറ്റിയ മാനസികാവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇവിടെ നടക്കുന്ന ഇത്തരം ചർച്ചകൾ കൊണ്ട് യമനിൽ നടക്കുന്നഇടപെടലുകൾക്ക് കാര്യമായി ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല. അവിടെ ഉള്ള ആളുകൾ സാധ്യമായതൊക്കെ ചെയ്യും. നിമിഷ പ്രിയയയ്ക്ക് മോചനത്തിനുള്ള ദൈവവിധി ഉണ്ടെങ്കിൽ മറ്റൊന്നും തടസമാകില്ലെന്നും ജവാദ് മുസ്‌തഫാവി ചൂണ്ടിക്കാട്ടി.
മോചനത്തിനായി സാമുവൽ ജെറോം സഭാ നേതൃത്വത്തിന് കത്തെഴുതിയിരുന്നു. കത്ത് അയച്ചത് വധശിക്ഷ നീട്ടിവെക്കുന്നതിൻ്റെ ഒരു മാസം മുൻപേ ആണെന്നും ജവാദ് മുസ്തഫാവി പറഞ്ഞു. അവകാശ വാദങ്ങളുടെ കളികൾ നടക്കുന്നത് ഒരാളുടെ ജീവൻ വെച്ചിട്ടാണ്. റാവുത്തർമാർക്കോ, സാമുവൽ ജെറോമുമാർക്കോ ഒന്നും നഷ്ടപ്പെടാനില്ല, കാന്തപുരത്തിന് ഒരു ക്രെഡിറ്റും എടുക്കേണ്ട കാര്യമില്ലെന്നും ജവാദ് കൂട്ടിച്ചേർത്തു.
നമ്മൾ ആവശ്യപ്പെടുന്നത് അവകാശമല്ല. വളരെ ക്രൂരമായ ഒരു ക്രൈം നടന്നിട്ടുണ്ട് എന്നത് വസ്തുതയാണ്. അവരുടെ നാട്ടിലെ നിയമപ്രകാരം, കുറ്റം ചെയ്തവർക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കുക എന്നതാണ് ഇരയുടെ കുടുംബത്തിൻ്റെയും സുഹൃത്തുക്കളുടേയും ആഗ്രഹവും താൽപ്പര്യവുമാണ്. ഒരു പതിറ്റാണ്ടോളം നിയമപോരാട്ടം നടത്തി നേടിയെടുത്ത വിജയത്തിലാണ് ഇപ്പോൾ വിട്ടുവീഴ്ച ആവശ്യപ്പെടുന്നത്. നമ്മളിപ്പോൾ അവരോട് തേടുന്നത് ഔദാര്യമാണെന്നും ജവാദ് മുസ്തഫാവി പറഞ്ഞു.