
കൊച്ചി: ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നാളേയും തുടരും. വാദം കേള്‍ക്കുന്നതു വരെ വേടന്റെ അറസ്റ്റും ഹൈക്കോടതി തടഞ്ഞു. ബ്രേക്ക് അപ്പ് ആയെന്ന് വിചാരിച്ച് ലൈംഗിക ബന്ധം ബലാത്സംഗം ആകില്ലെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടയില്‍ കോടതി പറഞ്ഞു.
യുവ ഡോക്ടര്‍ നല്‍കിയ പരാതിയിലാണ് വേടന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നായിരുന്നു വേടനെതിരായ പരാതി. കഴിഞ്ഞ ദിവസവും വേടന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചിരുന്നു. തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
വേടനെതിരായി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത് കേസില്‍ ബാധകമല്ലെന്ന് കോടതി ഇന്ന് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത് കൊണ്ട് എന്താണെന്നും ക്രിമിനല്‍ നടപടിയില്‍ മുഖ്യമന്ത്രിക്ക് എന്ത് കാര്യമെന്നും ഹൈക്കോടതി ചോദിച്ചു.
കേസില്‍ എഫ്‌ഐആര്‍ ഉണ്ടോയെന്നും ചോദിച്ച കോടതി, കോടതിക്കു മുമ്പാകെയുള്ള വസ്തുതകള്‍ മാത്രേമ പരിഗണിക്കാന്‍ പറ്റൂവെന്നും പറഞ്ഞു. വേടനെതിരെ മറ്റ് കേസുകളുണ്ടെങ്കില്‍ അറിയിക്കാന്‍ സര്‍ക്കാരിനും കോടതി നിര്‍ദേശം നല്‍കി.
പരസ്പരം സ്നേഹത്തിലായിരുന്ന സമയത്തുണ്ടായ ലൈംഗികബന്ധം ബലാത്സംഗക്കുറ്റമാകുമോ എന്ന ചോദ്യമാണ് ഇന്ന് കോടതി ഉന്നയിച്ചത്. ബന്ധത്തില്‍ വിള്ളലുണ്ടാകുമ്പോഴൊക്കെ ബലാത്സംഗമായി കണക്കാക്കാനാവില്ലെന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത പരാതിക്കാരിയോട് കോടതി പറഞ്ഞു.
എന്നാല്‍ വേടനെതിരെ നിരവധി മീടു ആരോപണങ്ങള്‍ ഉണ്ടായെന്നും ആ സമയത്ത് സമൂഹ മാധ്യമത്തില്‍ വേടന്‍ ക്ഷമാപണം നടത്തിയെന്നും പരാതിക്കാരി ഹൈക്കോടതിയില്‍ പറഞ്ഞു. എന്നാല്‍ സാമൂഹമാധ്യമത്തിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാരിയുടെ വാദമെന്ന് ഹൈക്കോടതി പറഞ്ഞു.
മാധ്യമ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം കോടതിക്ക് തീരുമാനമെടുക്കാനാവില്ല. തെളിവുകള്‍ പരിഗണിച്ച് മാത്രമേ തീരുമാനമെടുക്കാനാവൂവെന്നും ഇന്‍ഫ്ളുവന്‍സറാണോ അല്ലയോ എന്നതല്ല, വ്യക്തി എന്നതാണ് പ്രശ്നമെന്നും കോടതി പറഞ്ഞു. എല്ലാവരും അമര്‍ ചിത്രകഥ വായിച്ചാണ് വളര്‍ന്നത്. പുരാണ കഥകള്‍ പറയേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നായിരുന്നു യുവ ഡോക്ടറുടെ പരാതി. തുടര്‍ച്ചയായ പീഡനശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് വേടന്‍ പിന്‍മാറി. വേടന്റെ പിന്‍മാറ്റം തന്നെ ഡിപ്രഷനിലേക്ക് നയിച്ചുവെന്നും ആളുകള്‍ എങ്ങനെ പ്രതികരിക്കും എന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നല്‍കാതിരുന്നതെന്നുമാണ് പരാതിയില്‍ പറയുന്നത്.
ഐപിസി 376 (2) (n) വകുപ്പനുസരിച്ച് ഒരേ സ്ത്രീയെ ഒന്നിലേറെ തവണ ബലാത്സംഗം ചെയ്‌തെന്ന കേസ് ആണ് വേടനെതിരെ എടുത്തിരിക്കുന്നത്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് മാസം വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് വേടന്‍ പീഡിപ്പിച്ചു എന്നാണ് പരാതി.
എന്നാല്‍, വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന വാദം തെറ്റാണെന്നും തനിക്കെതിരെയുള്ള ബലാത്സംഗ കുറ്റം നിലനില്‍ക്കില്ലെന്നുമാണ് ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം വേടന്‍ അറിയിച്ചത്. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണ്. അതിനാല്‍ മുന്‍കൂര്‍ജാമ്യം അനുവദിക്കണമെന്നും വേടന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.