തിരുവനന്തപുരം: ശബരിമലയിലെ സ്വർണമോഷണത്തിൽ ഒൻപത് ഉദ്യോഗസ്ഥർ പ്രതികളാകാൻ സാധ്യതയെന്ന് വിജിലൻസ് റിപ്പോർട്ട്. ഒൻപത് ഉദ്യോഗസ്ഥരുടെ പേര് വിജിലൻസ് റിപ്പോർട്ടിൽ പരാമർശമുണ്ട്. രണ്ടു ദേവസ്വം കമ്മീഷണർമാർക്കും ദേവസം സെക്രട്ടറിക്കും ഉൾപ്പെടെ വീഴ്ച സംഭവിച്ചിട്ടുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു. വിരമിച്ചതും, സർവീസിൽ നിന്നുള്ളവരും ഈ ഒൻപത് പേരിൽ ഉൾപ്പെടുന്നുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട് ഇന്ന് തന്നെ എഫ്ഐആർ റിപ്പോർട്ട് ചെയ്യും.
2019 -ൽ ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ മുരാരി ബാബു, 2019 ൽ ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ, ദേവസ്വം സെക്രട്ടറി ജയശ്രീ, തിരുവാഭരണ കമ്മീഷണർ കെ. എസ്. ബൈജു, തിരുവാഭരണ കമ്മീഷണർ ആർ. ജി. രാധാകൃഷ്ണൻ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ കെ. രാജേന്ദ്ര പ്രസാദ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ. രാജേന്ദ്രൻ നായർ, ദേവസ്വം മരാമത്ത് അസിസ്റ്റൻ്റ് എഞ്ചിനീയർ സുനിൽ കുമാർ എന്നിവരെയാണ് പ്രതി ചേർക്കുന്നത്.
അതേസമയം, സ്വർണ മോഷണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന സംഘത്തിൽ കൂടുതൽ പേരെ ഉൾപ്പെടുത്തി. ക്രൈം ബ്രാഞ്ച് എസ്‌പി പി. ബിജോയ്, ഡിവൈഎസ്‌പി എസ്. സുരേഷ് ബാബു, ഡിവൈഎസ്‌പി കെ. കെ. സജീവ് എന്നിവരെയാണ് അന്വേഷണസംഘത്തിൽ ഉൾപ്പെടുത്തിയത്.