

കണ്ണൂർ: അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണത്തിൽ അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ ഒരു അധ്യാപകൻ കൂടി രാജിവച്ചു. ഓർത്തോഡോണ്ടിക്സ് വകുപ്പ് മേധാവി ഡോ. ഹാഷിം അലിയാണ് രാജിവച്ചത്.
നേരത്തെ വിദ്യാർഥികൾ നൽകിയ പരാതിയിൽ ഡോ. റാമിനൊപ്പം ഹാഷിം അലിയുടെ പേരും ഉണ്ടായിരുന്നു. ആരോപണ വിധേയരായ കൂടുതൽ അധ്യാപകരും ജീവനക്കാരും രാജിവച്ചേക്കും എന്നാണ് റിപ്പോർട്ട്.
അതേസമയം, നിതിൻ രാജ് മരിക്കുന്നതിന്റെ തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രിൻസിപ്പാളിന്റെ മുറിയിൽ വച്ച് നിതിന്റെ ഫോൺ അധ്യാപകർ പരിശോധിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പ്രിൻസിപ്പാളും മൂന്ന് അധ്യാപകരുമാണ് മുറിയിലുണ്ടായിരുന്നത്. നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ അധ്യാപകർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ഡോക്ടർമാരായ റാം, സംഗീത എന്നിവരാണ് തലശേരി ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.
ഇരുവരും ഒളിവിൽ തുടരുകയാണ്. ഡെൻ്റൽ കോളേജിലെ എച്ച്ഒഡിയായ എം.കെ. റാമിനെ കഴിഞ്ഞ ദിവസം ചുമതലയിൽ നിന്ന് പുറത്താക്കിയിരുന്നു. നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലാണ് റാം പ്രതി ചേർക്കപ്പെട്ടിട്ടുള്ളത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയും പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരവുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.