കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ അതിജീവിതയ്ക്ക് നേരെ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട്. വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷന് നൽകിയ റിപ്പോർട്ടിലാണ് ജില്ലാ പൊലീസ് മേധാവിയുടെ വിശദീകരണം.
കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ പീഡനത്തിന് ഇരയായ യുവതി പൊലീസിന് സമർപ്പിച്ച എല്ലാ പരാതികളിലും കൃത്യമായ അന്വേഷണം നടത്തി യഥാസമയം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. അതിജീവിത നൽകിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയത്.
ഐസിയു പീഡനക്കേസിൽ പ്രതികളായ ജീവനക്കാർ മെഡിക്കൽ കോളേജിൽ തിരികെയെത്തിയതിൽ പ്രതിഷേധിച്ച് അതിജീവിത വീണ്ടും സമരത്തിനിറങ്ങിയിരുന്നു. സ്ഥലം മാറ്റിയ ജീവനക്കാർ തിരികെ എത്തിയതിലായിരുന്നു പ്രതിഷേധം. ഷൈമ, ഷനൂജ, പ്രസീത എന്നിവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും ഷൈന, ആസ്യ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുമായിരുന്നു സ്ഥലംമാറ്റിയത്. ഇവരെയാണ് കോഴിക്കോട് എംസിഎച്ച്, ഐഎംസിഎച്ച്, ചെസ്റ്റ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലായി പുനര്‍നിയമിച്ചത്.
2023 മാർച്ച് 18ന് തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ പാതിമയക്കത്തിൽ കിടക്കുമ്പോൾ യുവതിയെ അറ്റൻഡന്ററായ എം.എം. ശശീന്ദ്രൻ പീഡിപ്പിച്ചത്. ശശീന്ദ്രനെ രക്ഷിക്കാന്‍ വേണ്ടി സഹപ്രവര്‍ത്തകരില്‍ ചിലര്‍ യുവതിയെ ഭീഷണിപ്പെടുത്തി. നഷ്ടപരിഹാരം വാങ്ങി കേസ് ഒതുക്കിത്തീര്‍ക്കണമെന്നും സിആര്‍പിസി 164 പ്രകാരം മജിസ്‌ട്രേറ്റിനും പൊലീസിനും ആശുപത്രിയധികൃതര്‍ക്കും നല്‍കിയ മൊഴി കളവാണെന്ന് പറയണമെന്നും ഇവര്‍ അതിജീവിതയെ നിര്‍ബന്ധിച്ചെന്നുമായിരുന്നു പരാതി. ഇതു സംബന്ധിച്ച് യുവതി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് രേഖാമൂലം പരാതി നല്‍കിയിരുന്നു.