കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരായ ആക്രമണം ആരോഗ്യ മന്ത്രിക്കും ആരോഗ്യ വകുപ്പിനും കോഴിക്കോട് മെഡിക്കൽ കൊളേജ് സൂപ്രണ്ടിനും സമർപ്പിക്കുന്നു എന്ന് പ്രതിയായ സനൂപ്. ഡോക്ടറെ വെട്ടിയത് പ്രതികാരം കൊണ്ടാണ്, മകളെ ചികിത്സിച്ചതിൽ പിഴവ് വരുത്തിയെന്ന് പ്രതി മൊഴി നൽകി. അതിഗുരുതര സാഹചര്യത്തിൽ എത്തിച്ച കുട്ടിക്ക് ചികിത്സ നൽകിയില്ല എന്ന് ആരോപിച്ചായിരുന്നു സനൂപ് ഡോ. വിപിനെ ആക്രമിച്ചത്. സനൂപിൻ്റെ അറസ്റ്റ് കോഴിക്കോട് റൂറൽ എസ്പി രേഖപ്പെടുത്തി.
അതേസമയം, താമരശേരി താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുഞ്ഞിൻ്റെ അമ്മ രംഗത്തെത്തി. രാവിലെ കുട്ടിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചിട്ടും ഉച്ചയ്ക്ക് ശേഷം രണ്ടരയ്ക്കാണ് ട്രിപ്പ് പോലും കൊടുത്തത്. മൂന്നരയ്ക്ക് ആംബുലൻസിന് ആവശ്യപ്പെട്ടിട്ട് ഒരു മണിക്കൂർ വൈകിയെന്നും അവർ പറഞ്ഞു. കുഞ്ഞിന്റെ മരണകാരണം അമീബിക് മസ്തിഷ്കജ്വരം അല്ല. കുഞ്ഞു മരിച്ചത് പനി ബാധിച്ചാണ്. ഇത് അറിയിച്ചത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജനാണ്. ഞങ്ങൾ സാധാരണ ജീവിതത്തിലേക്ക് വരികയായിരുന്നു. ആശുപത്രി അധികൃതർ ഞങ്ങളെ കബളിപ്പിക്കുകയായിരുന്നു എന്ന് മനസിലായി. ഇത് അറിഞ്ഞത് മുതൽ സനൂപ് കടുത്ത മാനസിക പ്രയാസത്തിൽ ആയിരുന്നു. കുഞ്ഞിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇതുവരെയും ലഭിച്ചിട്ടില്ല. റിപ്പോർട്ടിനായി മുട്ടാത്ത വാതിലുകൾ ഇല്ല. ആ വിഷമത്തിൽ ചെയ്തതാണെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്ന് ഉച്ചയോടെയാണ് ആക്രമി സനൂപ് താമരശേരി താലൂക്ക് ആശുപത്രിയിലെത്തി ഡോക്ടറെ വെട്ടിയത്. ഒരു പ്രകോപനവും ഇല്ലാതെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയർ ഡോക്ടർ വിപിനെ സനൂപ് വെട്ടിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. രണ്ടു മക്കളുമായാണ് അക്രമി എത്തിയത്. കുട്ടികളെ പുറത്ത് നിർത്തിയാണ് സൂപ്രണ്ടിൻ്റെ റൂമിലേക്ക് ഇയാൾ കയറിയത്. എന്നാൽ ആ സമയം സൂപ്രണ്ട് മുറിയിൽ ഉണ്ടായിരുന്നില്ല. ജൂനിയർ ഡോക്ടർ വിപിനാണ് മുറിയിലുണ്ടായിരുന്നത്. മകൾ മരിച്ചത് ചികിത്സ ലഭിക്കാതെയാണെന്ന് ആരോപിക്കുകയും വടിവാൾ ഉപയോഗിച്ച് വെട്ടുകയുമായിരുന്നു.