
പി.കെ. ശശിക്ക് മറുപടിയുമായി ഡിവൈഎഫ്‌ഐ. മണ്ണാര്‍ക്കാട് ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടമാണ് ശശിക്കെതിരെ രംഗത്തു വന്നത്. ഏത് ബിലാല്‍ പറഞ്ഞാലും മണ്ണാര്‍ക്കാട് പഴയ മണ്ണാര്‍ക്കാടല്ലെന്നാണ് ഡിവിഎഫ്‌ഐയുടെ മറുപടി.
ഒരു കൂട്ടുകച്ചവടവും മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി അനുവദിക്കാത്ത സ്ഥിതി ഉണ്ടായി. അഴിമതിക്കെതിരെ പറഞ്ഞപ്പോള്‍ വെളുപ്പിച്ചെടുക്കാന്‍ ചില ഗിമ്മിക്കുകള്‍ കാണിച്ചു. ഡിവൈഎഫ്‌ഐ അഴിമതി ആരോപണം ഉന്നയിച്ചത് നല്ല പരിശുദ്ധിയോടു കൂടിയാണെന്നും ശ്രീരാജ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സിപിഐഎം പ്രാദേശിക നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി പി.കെ. ശശി രംഗത്തെത്തിയത്. യുഡിഎഫ് ഭരിക്കുന്ന മണ്ണാര്‍ക്കാട് നഗരസഭയുടെ ആയുര്‍വേദ ഡിസ്പെന്‍സറി ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി എത്തിയപ്പോഴായിരുന്നു ശശിയുടെ പരാമര്‍ശങ്ങള്‍. സര്‍ക്കാര്‍ പ്രതിനിധിയായി ശശിയെ ക്ഷണിച്ചതില്‍ ഒരു വിഭാഗം സിപിഐഎം പ്രാദേശിക നേതൃത്വത്തിന് എതിര്‍പ്പുണ്ടായിരുന്നു.
മണ്ണാര്‍ക്കാട് ശശിയും പാര്‍ട്ടിയിലെ ഒരു വിഭാഗവുമായി വലിയ പ്രശ്നങ്ങളാണ് കുറേക്കാലങ്ങളായി നിലനില്‍ക്കുന്നത്. പരിപാടിക്ക് എത്തിയ ശശിയെ ആവേശത്തോടെയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. പിന്നാലെ സിപിഎമ്മിന്റെ ഒരു വിഭാഗത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ശശി ഉന്നയിച്ചു. കൊച്ചി പഴയ കൊച്ചിയല്ലെങ്കിലും ബിലാല്‍ പഴയ ബിലാല്‍ തന്നെ ആണെന്നും പറഞ്ഞ് സിപിഐഎം പ്രാദേശിക നേതൃത്വത്തിനെതിരെയായിരുന്നു ശശി പ്രസംഗം നടത്തിയത്.
അഴിമതിയെ ആരും പിന്തുണയ്ക്കാറില്ല പക്ഷെ മാലിന്യകൂമ്പാരത്തില്‍ കിടക്കുന്നവന്‍ മറ്റൊരാളുടെ വസ്ത്രത്തിലെ കറുത്തപുള്ളിയെ ചൂണ്ടിക്കാണിക്കുന്നത് മ്ലേച്ഛകരമാണെന്ന് പി കെ ശശി. ഉദ്ഘാടനപരിപാടിയില്‍ താന്‍ പങ്കെടുക്കാനെത്തുന്നുവെന്ന് കേട്ടപ്പോള്‍ ചില ആളുകള്‍ക്കെല്ലാം ബേജാറ്. എന്തിന് തന്നെ ഭയപ്പെടണം. താനൊരു ചെറിയ മനുഷ്യനാണ്. നല്ലത് ആരുചെയ്താലും അതിനെ പിന്തുണക്കാനുള്ള മനസുണ്ടാവണമെന്നും ശശി പറഞ്ഞു. മണ്ണാര്‍ക്കാടുമായുള്ള തന്റെ ബന്ധം അറുത്താലും മുറിച്ചാലും പോകില്ലെന്നും ശശി പറഞ്ഞു.
ഇതിനിടയില്‍ ശശി കോണ്‍ഗ്രസിലേക്ക് പോകുന്നുവെന്ന പ്രചരണവും ശക്തമായി. സിപിഐഎം പ്രവര്‍ത്തകനായ തന്നോട് സിപിഐഎമ്മിലുണ്ടോയെന്ന് ചോദിക്കുന്നത് ശരിയല്ലെന്നായിരുന്നു ആ പ്രചരണങ്ങളോടുള്ള ശശിയുടെ മറുപടി. അതേസമയം കോണ്‍ഗ്രസില്‍ വരാന്‍ പി.കെ. ശശിക്ക് അയോഗ്യത ഇല്ലെന്ന് തുറന്ന് പറഞ്ഞ് വി.കെ. ശ്രീകണ്ഠന്‍ എംപിയും രംഗത്തെത്തി.