

മലപ്പുറം: വഖഫ് ബോർഡ് അംഗത്വം രാജിവയ്ക്കുമെന്ന് സ്ഥിരീകരിച്ച് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി. വളരെ സന്തോഷത്തോട് കൂടിയാണ് രാജിവയ്ക്കുന്നതെന്ന് അദ്ദേഹം ന്യൂസ് മലയാളത്തോട് പറഞ്ഞു. രാജി വയ്ക്കാമെന്നത് സ്വയം എടുത്ത തീരുമാനമാണെന്നും വഖഫ് ബോർഡിൽ പ്രാതിനിത്യം ലഭിക്കാത്തത് മൂലം ഉണ്ടാകുന്നവരുടെ പ്രതിഷേധം ഒഴിവാക്കാനാണ് ഈ നടപടി. അത് കാരണം സമൂഹത്തിൽ ഒരു കലഹവും ഏറ്റുമുട്ടലും ഉണ്ടാകരുതെന്നും മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു.
"കാന്തപുരം വിഭാഗവുമായി അനുനയ ചർച്ച നടന്നിരുന്നു. ഹജ്ജ് കമ്മിറ്റി ചെയർമാൻ ആകുന്നതുമായി ബന്ധപ്പെട്ട് വാർത്ത കണ്ട് മാത്രമാണ് അറിവ്. സർക്കാർ ചുമതല ഏൽപ്പിച്ചാൽ കൃത്യമായി നിർവഹിക്കും. നിലവിൽ ഹജ്ജ് കമ്മിറ്റി ചെയർമാനെ സംബന്ധിച്ച് ചർച്ചകൾ നടന്നിട്ടില്ല. കൂടിക്കാഴ്ച ആവശ്യപ്പെട്ടാൽ നാളെ മുഖ്യമന്ത്രിയെ കാണും," മുഹമ്മദ് കുഞ്ഞ് മൗലവി ന്യൂസ് മലയാളത്തോട് പറഞ്ഞു.
കൊച്ചിയിൽ നടക്കുന്ന വഖഫ് ബോർഡ് യോഗത്തിലാണ് ചെയർമാന് രാജി നൽകുക. വഖഫ് ബോർഡിൽ സമസ്ത എപി വിഭാഗത്തെ ഉൾപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് രാജി. പദവികൾക്ക് പുറമേ പോകുന്ന ശീലം പണ്ടേയില്ലെന്ന് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു.
മൗലവി രാജിവയ്ക്കുന്ന ഒഴിവിലേക്ക് കാന്തപുരം വിഭാഗത്തിൻ്റെ പ്രതിനിധിയെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തും. വഖഫ് ബോർഡിൽ നിന്നും ഒഴിയുന്ന തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിക്ക് പകരം സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം നൽകാനും ധാരണയായിട്ടുണ്ട്.