തിരുവനന്തപുരം: മേയർ സ്ഥാനം നൽകാത്തതിലെ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി മുൻ ഡിജിപി ആർ. ശ്രീലേഖ. താൻ ഇവിടെ ഹാപ്പിയാണ്, കൗൺസിലറായി അഞ്ചു വർഷം പൂർത്തിയാക്കുമെന്നും ശ്രീലേഖ പറഞ്ഞു. അതേസമയം, ശ്രീലേഖയെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കാനായിരുന്നു ബിജെപി സംസ്ഥാന നേതൃത്വത്തിൻ്റെ നീക്കം.
മേയർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് വാഗ്ദാനം ഉണ്ടായിരുന്നു. അങ്ങനെയാണ് മത്സരരംഗത്തേക്ക് ഇറങ്ങിയത്. തീരുമാനം മാറിയതിൽ തനിക്ക് ഒരു അതൃപ്തിയും ഇല്ലെന്നും ശ്രീലേഖ പറഞ്ഞു. എന്നെ കണ്ടാൽ അതൃപ്തി ഉള്ള ഒരാളെപ്പോലെ തോന്നുമോയെന്നും ശ്രീലേഖ ചോദിച്ചു.
മേയർ പ്രഖ്യാപനത്തിൽ ആർ. ശ്രീലേഖ കഴിഞ്ഞ ദിവസം അതൃപ്തി പരസ്യമാക്കിയിരുന്നു. മേയർ സ്ഥാനം വാഗ്ദാനം ചെയ്ത് തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് അവസാന നിമിഷം വാക്ക് മാറ്റിയെന്ന് ശ്രീലേഖ തുറന്നടിച്ചിരുന്നു. കേന്ദ്ര നേതൃത്വത്തിൻ്റെ ഇടപെടലിലൂടെയാണ് വി.വി. രാജേഷിന് മേയർ സ്ഥാനം ലഭിച്ചതെന്നും ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശ്രീലേഖ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് കൗണ്‍സിലറായി നില്‍ക്കാനല്ല, മേയർ ആകുമെന്ന വാഗ്ദാനത്തിന്റെ പുറത്താണ്. തെരഞ്ഞെടുപ്പിൽ നിൽക്കാൻ താൻ വിസമ്മതിച്ചതാണ്. മേയർ ആകുമെന്ന് ബിജെപി നേതൃത്വം വാഗ്ദാനം നൽകി. അതുകൊണ്ടാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന് ശ്രീലേഖ പറഞ്ഞു. വി.വി രാജേഷും ആശാനാഥും നന്നായി പ്രവർത്തിക്കുമെന്ന് കേന്ദ്രത്തിന് ബോധ്യപ്പെട്ടത് കൊണ്ടാകാം തന്നെ പരിഗണിക്കാതിരുന്നതെന്നും ശ്രീലേഖ പറഞ്ഞിരുന്നു.