തൃശൂർ: കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുവന്നത്. ഉച്ചയോടെ വിയ്യൂരെത്തിച്ചു. കൊടുംകുറ്റവാളികളെ പാർപ്പിക്കുന്ന വിയ്യൂരിലെ അതിസുരക്ഷാ ജയിലിലെ ഏകാന്ത സെല്ലിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിക്കുക.
536 പേരെ പാർപ്പിക്കാൻ ശേഷിയുള്ള ജയിലിൽ ഇപ്പോൾ 125 കൊടും കുറ്റവാളികളാണുള്ളത്. 4.2 മീറ്ററാണ് സെല്ലുകളുടെ ഉയരം. വിയ്യൂർ ജയിലിലെ സെല്ലിൽ ഫാനും കട്ടിലും സിസിടിവി ക്യാമറകളുമുണ്ട്. സെല്ലുകളിലുള്ളവർക്ക് പരസ്പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല. സെല്ലുകളിലേക്ക് ഭക്ഷണം എത്തിച്ച് നൽകുകയാണ് ചെയ്യുക, അതിന് പോലും പുറത്തിറക്കില്ല. ജയിലിന് പുറത്ത് ആറു മീറ്റർ ഉയരത്തിൽ 700 മീറ്റർ ചുറ്റളവുള്ള മതിലാണുള്ളത്. ഇതിനു മുകളിൽ പത്തടി ഉയരത്തില് വൈദ്യുത വേലിയുമുണ്ട്. മതിലിന് പുറത്ത് 15 മീറ്റർ വീതം ഉയരമുള്ള നാല് വാച്ച് ടവറും, ജയിലിൽ 24 മണിക്കൂറും നിരീക്ഷണത്തിന് ആയുധധാരികളുമുണ്ട്.
അതേസമയം, ജയില്‍ചാടിയ സംഭവത്തില്‍ ഗോവിന്ദച്ചാമിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നു. സഹതടവുകാരനോട് ജയില്‍ചാട്ടത്തെ കുറിച്ച് ഗോവിന്ദച്ചാമി നേരത്തേ പറഞ്ഞിരുന്നുവെന്നാണ് മൊഴി. ജയില്‍ചാടി പിടിച്ചാല്‍ ആറ് മാസം മാത്രമേ ശിക്ഷയുള്ളൂവെന്ന് സഹതടവുകാരന്‍ പറഞ്ഞു. ജയില്‍ ചാടി തമിഴ്‌നാട്ടിലേക്ക് കടക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍, റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴി തെറ്റിയതിനാല്‍ എത്താനായില്ല. സെല്ലിലെ അഴി മുറിക്കാനുള്ള ഉപകരണം അരം ഉപയോഗിച്ചാണ് ഉണ്ടാക്കിയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്നലെ പുലര്‍ച്ചെയോടെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് അതിവിദഗ്ധമായി ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. ജയില്‍ അധികൃതര്‍ ഇക്കാര്യം അറിയുന്നത് വളരെ വൈകിയായിരുന്നു. തുടര്‍ന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. ഇതോടെ നാട്ടുകാരുടെ കൂടി സഹായത്തോടെ അന്വേഷണം ഊര്‍ജിതമായി. രാവിലെ പത്തരയോടെ വെറും നാല് കിലോമീറ്റര്‍ അകലെ നിന്ന് ഒരു കിണറ്റിനുള്ളില്‍ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്.
സംഭവത്തില്‍ മൂന്ന് ജയില്‍ ഉദ്യോഗസ്ഥരെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഗുരുതര വീഴ്ചകളാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി 12 മണിക്ക് ശേഷം സെല്ലില്‍ പതിവ് പരിശോധന നടത്തിയിരുന്നില്ല. സെല്ലിലെ ലൈറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ആറ് മാസമായി ജയിലിന്റെ മതിലിലെ ഇലക്ട്രിക് ഫെന്‍സിങ് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. ഈ സുരക്ഷ വീഴ്ചകള്‍ ഗോവിന്ദച്ചാമിക്ക് സഹായകമാവുകയും ചെയ്തു എന്നാണ് വിലയിരുത്തല്‍. സുരക്ഷാ വീഴ്ചകളുമായി ബന്ധപ്പെട്ട് ജയില്‍ സൂപ്രണ്ടിനെതിരെയും നടപടിക്ക് സാധ്യതയുണ്ട്.