കോട്ടയം: എസ്എൻഡിപിയുമായുള്ള ഐക്യ നീക്കത്തിൽ നിന്ന് പിന്മാറി എൻഎസ്എസ്. ഐക്യനീക്കം പ്രായോഗികമല്ലെന്നാണ് എൻഎസ്എസ് ഡയറക്ടർ ബോർഡിൻ്റെ നിഗമനം. പെരുന്നയിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനമായത്. "പല കാരണങ്ങളാലും പല തവണ എൻഎസ്എസ്-എസ്എൻഡിപി ഐക്യം വിജയിക്കാത്ത സാഹചര്യത്തിൽ വീണ്ടും ഒരു ഐക്യശ്രമം പരാജയമാകുമെന്ന കാര്യം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളാൽ തന്നെ വ്യക്തമാകുന്നു. എൻഎസ്എസിന്റെ അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാനും ആവില്ല. അതിനാൽ വീണ്ടും ഒരു ഐക്യം പ്രായോഗികമല്ല. പ്രത്യേകിച്ച് എൻഎസ്എസിന് എല്ലാ രാഷ്ട്രീയപ്പാർട്ടികളോടും സമദൂരനിലപാട് ഉള്ളതിനാൽ". മറ്റെല്ലാ സമുദായങ്ങളോടും എന്നവണ്ണം എസ്എൻഡിപിയോടും സൗഹാർദ്ദത്തിൽ വർത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും എൻഎസ്എസ് വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പുതിയ സാമുദായിക സമവാക്യം പ്രഖ്യാപിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയത്. നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ കൂട്ടായ്മ ഉണ്ടാക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. മറ്റ് സമുദായങ്ങൾ ഒന്നിച്ച് നിൽക്കുമ്പോൾ ഹിന്ദു സമുദായങ്ങളുടെ ഐക്യം കാലഘട്ടത്തിൻ്റെ അനിവാര്യതയാണ്. സമുദായങ്ങൾ ഭിന്നിച്ച് നിൽക്കുന്നത് നല്ലതല്ല. സംവരണമായിരുന്നു ഭിന്നിപ്പിന്റെ പ്രധാന കാരണം. അതിനു പിന്നിൽ മുസ്ലീം ലീഗായിരുന്നു. നായർ ഈഴവ ഐക്യത്തിൽ ലീഗിന് അതൃപ്തി ഉണ്ടായിരുന്നു. എസ്എൻഡിപിയെയും എൻഎസ്എസിനെയും തമ്മിലടിപ്പിച്ചത് ലീഗാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. നായർ സർവീസ് സൊസൈറ്റിയുമായി ഇനി മുതൽ ഭിന്നതയില്ലെന്നും ചർച്ചയ്ക്ക് പെരുന്നയിൽ പോകാൻ തയ്യാറാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന.
പിന്നാലെ വെള്ളാപ്പള്ളി നടേശൻ പ്രഖ്യാപിച്ച പുതിയ സാമുദായിക സമവാക്യത്തിൽ മുന്നോട്ട് എന്ന നിലപാട് തന്നെയാണ് എൻഎസ്എസിനെന്ന് ജി. സുകുമാരൻ നായരും വ്യക്തമാക്കിരുന്നു. എൻഎസ്എസ്-എസ്എൻഡിപി ഐക്യം കാലഘട്ടത്തിൻ്റെ ആവശ്യമാണ്. എൻഎസ്എസിന് അതിൽ താത്പര്യമുണ്ട്. നേതൃത്വവുമായി ആലോചിച്ച് അനുകൂല തീരുമാനം എടുക്കും. അടിസ്ഥാന മൂല്യങ്ങൾ നിലനിർത്തി എല്ലാവരോടും യോജിച്ച് പോകും. ഇതിൽ രാഷ്ട്രീയ സാഹചര്യം ഇല്ല. പ്രബല സമുദായങ്ങൾ ഒന്നിക്കുന്നതിൽ തെറ്റെില്ലെന്നും സുകുമാരൻ നായർ പറഞ്ഞിരുന്നു. എന്നാൽ എൻഎസ്എസിനെയും എസ്എൻഡിപിയെയും തെറ്റിച്ചത് മുസ്ലീം ലീഗാണെന്ന വെള്ളാപ്പള്ളിയുടെ പരാമർശത്തെ സുകുമാരൻ നായർ തള്ളുകയും ചെയ്തിരുന്നു. ഐക്യത്തിന് തടസം നിന്നത് മുസ്ലീം ലീഗ് അല്ലെന്നും എല്ലാ പാർട്ടികളോടും സമദൂര നിലപാടാണുള്ളതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എന്നാൽ എൻഎസ്എസ്-എസ്എൻഡിപി ഐക്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തിയിരുന്നു. എൻഎസ്എസും എസ്എൻഡിപിയും യോജിച്ചു പ്രവർത്തിക്കുന്നതിൽ തെറ്റില്ലെന്നും സമുദായിക ഐക്യത്തിന് യുഡിഎഫ് എതിരല്ലെന്നുമാണ് വി.ഡി. സതീസൻ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ തുടങ്ങിയ കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയത്. ജാതി മത സമുദായങ്ങൾ ചേർന്ന് ഐക്യത്തോടെ പോകണം എന്നതാണ് സിപിഐഎം നിലപാട് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രതികരിച്ചിരുന്നു. കേരളം പോലൊരു വൈവിധ്യ സമൂഹിക പശ്ചാത്തലത്തിൽ എല്ലാ സാമുദായിക സംഘടനകളും ഐക്യത്തോടെ മുന്നോട്ടുപോകുന്നത് നല്ലതായിരിക്കും. എല്ലാ സാമുദായിക മത വിഭാഗങ്ങളും സാഹോദര്യത്തോടെ മുന്നോട്ടുപോകുകയാണ് വേണ്ടത്. സംഘർഷാത്മകമായ ഒരു സാഹചര്യമല്ല ഉണ്ടാകേണ്ടത് എന്നാണ് സിപിഐഎമ്മിൻ്റെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എസ്എൻഡിപി-എൻഎസ്എസ് ഐക്യം നല്ലതിനാണെന്നും സാമുദായിക സംഘടനകൾ ഒന്നിച്ച് മുന്നോട്ട് പോകുന്നത് നല്ല കാര്യമാണെന്നും വി. ശിവൻകുട്ടിയും പ്രതികരിച്ചിരുന്നു.