വയനാട്: വയനാട്ടിലെ ഷിഗെല്ല ബാധിതരുടെ എണ്ണത്തിൽ ആരോഗ്യ വകുപ്പിന്റെയും വകുപ്പ് മന്ത്രിയുടെയും കണക്കുകളിൽ വൈരുധ്യം. 21 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു. എന്നാൽ രണ്ട് കുട്ടികൾക്ക് മാത്രമാണ് രോഗബാധ എന്നാണ് ജില്ലാ മെഡിക്കൽ ഓഫീസറുടെ വാർത്താക്കുറിപ്പ്. ബത്തേരിയിലെ കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ വിദ്യാർഥികൾക്ക് ഷിഗെല്ല രോഗം ബാധിച്ചതുമായി ബന്ധപ്പെട്ടാണ് ആരോഗ്യ വകുപ്പിന്റെയും വകുപ്പ് മന്ത്രിയുടെയും കണക്കുകളിൽ വൈരുധ്യം.
ആകെ 25 പേരാണ് ചികിത്സയിലുള്ളതെന്നും അതിൽ 21 പേർക്ക് രോഗം സ്ഥിരീകരിച്ചു, നാല് പേർ നിരീക്ഷണത്തിലാണ് എന്നുമാണ് ആരോഗ്യമന്ത്രി കെ. മുരളീധരൻ തൃശൂരിൽ പറഞ്ഞത്. എന്നാൽ, 21 പേരുടെ ഫലം പരിശോധനയ്ക്ക് അയച്ചതിൽ രണ്ട് പേരുടെ ഫലം പൊസിറ്റീവായി, ബാക്കി 19 സാമ്പിളുകളുടെ ഫലം വരാനുണ്ട് എന്നാണ് പിആർഡി വാർത്താക്കുറിപ്പിൽ പറയുന്നത്.
337 വിദ്യാർഥികൾക്കാണ് രോഗലക്ഷണങ്ങൾ ഉണ്ടായിട്ടുള്ളത്. അതിൽ 59 പേരാണ് നിവലിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്.