എറണാകുളം: മന്ത്രിമാരുടെ വീട്ടിലേക്ക് കടന്ന് റീത്ത് വയ്ക്കുന്ന സമരരീതി തെറ്റെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ നിർദേശം തള്ളി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ്. പ്രതിപക്ഷ നേതാവ് യൂത്ത് കോൺഗ്രസിൻ്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഒ.ജെ.ജനീഷ് പറഞ്ഞു. നേതാക്കൾ തള്ളി പറഞ്ഞാലും സഹപ്രവർത്തകരെ താൻ തള്ളിപ്പറയില്ല. വസതിക്ക് മുന്നിൽ തടയാൻ പൊലീസ് ഇല്ലാത്തത് ആഭ്യന്തര വകുപ്പിൻ്റെ പരാജയമാണെന്നും ഒജെ ജനീഷ് ന്യൂസ് മലയാളം ഫയറിൽ പറഞ്ഞു.
ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തള്ളിപ്പറഞ്ഞിരുന്നു. മന്ത്രിമാരുടെ വീടുകളിലേക്ക് അതിക്രമിച്ച് കയറിയുള്ള സമരത്തോട് യോജിപ്പില്ലെന്നും തന്റെ വീട്ടിൽ പ്രതിഷേധത്തിന്റെ പേരിൽ ആക്രമണം നടത്തിയത് മന്ത്രിമാർ പറഞ്ഞിട്ടാണോ എന്നും വി.ഡി. സതീശൻ ചോദിച്ചിരുന്നു.
വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ പ്രതിഷേധത്തിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുത്തിരുന്നു. നേതാക്കളായ പതിനേഴ് പേര്‍ക്കെതിരേയും കണ്ടാല്‍ അറിയാവുന്ന ഏഴ് പേര്‍ക്ക് എതിരേയുമാണ് കേസെടുത്തത്. തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് നേമം ഷജീറിനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. നാല് പൊലീസുകാരുടെ പരാതിയിലാണ് കേസെടുത്തത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും പൊലീസുകാരെ ആക്രമിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് കേസെടുത്തത്. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്. മന്ത്രിയുടെ വസതിയുടെ ഗേറ്റ് തകര്‍ത്ത് 28,000 രൂപയുടെ നാശനഷ്ടം ഉണ്ടാക്കിയെന്നും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നാല് പൊലീസുകാരെ കയ്യേറ്റം ചെയ്‌തെന്നും എഫ്ഐആറിൽ പറയുന്നു.