ഒരു മാസം പിന്നിട്ടിട്ടും തുറക്കാതെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് കേന്ദ്രം; പ്രതിസന്ധിയിലായി രോഗികള്‍

അണുബാധയുണ്ടെന്ന സംശയത്തെ തുടർന്നാണ് ഡയാലിസിസ് കേന്ദ്രം അടച്ചത്.
Haripad Taluk Head Quarters Hospital
Published on: 
Updated on: 

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ അണുബാധയുണ്ടെന്ന സംശയത്തിൽ അടച്ച ഡയാലിസിസ് കേന്ദ്രം ഇനിയും തുറന്നില്ല. കഴിഞ്ഞ വർഷം ഡിസംബർ 31നാണ് ഡയാലിസിസ് സെൻ്റർ അടച്ചിട്ടത്. ആരോഗ്യവകുപ്പ് നിയോഗിച്ച വിദഗ്ധ സംഘം ഇതുവരെ റിപ്പോർട്ട് സമ‍ർപ്പിക്കാത്തതാണ് നടപടികൾ വൈകിപ്പിക്കുന്നത്. ഇതോടെ രണ്ടായിരത്തോളം രോഗികളാണ് പ്രതിസന്ധിയിലായത്.

കഴിഞ്ഞ ഡിസംബർ 29നാണ് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് പിന്നാലെ രണ്ട് രോഗികൾ മരിച്ചത്. ഡയാലിസിസ് സെന്‍ററിൽ നിന്ന് ഉണ്ടായ അണുബാധയാണ് മരണകാരണമെന്നായിരുന്നു കുടുംബത്തിന്‍റെ ആരോപണം. പരാതിക്ക് പിന്നാലെ ആരോഗ്യവകുപ്പ്  അന്വേഷണത്തിനായി വിദഗ്ദ സംഘത്തെ നിയോഗിച്ചു. ഡയാലിസിസ് ഉപകരണങ്ങളും , പ്ലാന്‍റിലെ വെള്ളവും, മരുന്നുകളും അടക്കം പരിശോധനയ്ക്ക് വിധേയമാക്കി. എന്നാൽ മാസം ഒന്ന് കഴിഞ്ഞിട്ടും അന്വേഷണം പൂർത്തിയാക്കിയിട്ടില്ല.

Haripad Taluk Head Quarters Hospital
"ജമാഅത്തെ ഇസ്ലാമിക്കെതിരെ ശക്തമായ നിലപാട്; മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല"; സമസ്ത നൂറാം വാർഷിക സമ്മേളനത്തിന് ഇന്ന് സമാപനം

ഐവി ഫ്ലൂയിഡ്, യന്ത്രങ്ങൾ ശുചിയാക്കാനുപയോഗിക്കുന്ന ലായനികൾ, ഹെപാരിൻ എന്ന മരുന്ന് എന്നിവയുടെ രാസപരിശോധനാഫലം ലഭിക്കാത്തതാണ് അന്വേഷണം വൈകാൻ കാരണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം. എന്നാൽ റിപ്പോർട്ട് വൈകുന്നതോടെ പ്രതിസന്ധിയിലായത് രണ്ടായിരത്തോളം രോഗികളാണ്.

പതിനഞ്ചുദിവസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കി ഡയാലിസിസ് സെന്‍റർ തുറക്കുമെന്നായിരുന്നു വാഗ്ദാനം. വിദഗ്ധ സംഘം നിർദേശിച്ച അറ്റകുറ്റപ്പണി പൂർത്തിയാകാത്തതാണ് തടസമെന്ന് നഗരസഭ അധികൃതർ പറയുന്നു. ഡയാലിസിസ് കേന്ദ്രം തുറക്കാതെ വന്നതോടെ മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികൾ. 

News Malayalam 24x7
newsmalayalam.com