കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശിയായ 47കാരനാണ് രോഗബാധ. കഴിഞ്ഞ 20 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി.
കഴിഞ്ഞ ദിവസം, താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച നാലാം ക്ലാസുകാരി അനയയുടെ സഹോദരനും രോഗബാധ സ്ഥിരീകരിച്ചിരുന്നു. പെൺകുട്ടിയുടെ മറ്റൊരു സഹോദരനും രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സഹോദരങ്ങളും അനയ കുളിച്ച അതേ ജലാശയത്തില്‍ കുളിച്ചിരുന്നവെന്നാണ് സൂചന.
നിലവില്‍ അഞ്ച് പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കൊഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. മലപ്പുറം സ്വദേശിയായ നാല്‍പ്പത്തിയൊമ്പതുകാരന്‍, ചേളാരി സ്വദേശിയായ പതിനൊന്നുകാരി, ഓമശ്ശേരി സ്വദേശിയായ മൂന്നുമാസം പ്രായമുള്ള കുഞ്ഞ്, അന്നശ്ശേരി സ്വദേശിയായ മുപ്പത്തിയെട്ടുകാരനുമാണ് ചികിത്സയിലുള്ളത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് താമരശേരി ആനപ്പാറപ്പൊയില്‍ സനൂപിന്റെ മകള്‍ അനയ രോഗബാധയെ തുടർന്ന് മരിച്ചത്. കൂടുതൽ അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജില്ലയിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കും, ജനങ്ങൾക്കും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.