തൃശൂർ: സ്കൂൾ കലോത്സവത്തിലെ ജനകീയ ഇനമാണ് ഒപ്പന. പൂര നഗരിയായ തൃശൂരിൽ ഒപ്പനയുടെ കൈത്താളം മുഴങ്ങുമ്പോൾ. പൂരത്തോളം ആവേശം സദസിലും കാണാം. വടക്കുംനാഥന് സമീപത്തുളള വേദിയിൽ ഒപ്പന കളിക്കുമ്പോൾ, പൂരവും ഒപ്പനയും ഒന്നാണെന്ന് തോന്നും. പതിഞ്ഞ താളത്തിൽ തുടങ്ങി വേഗത്തിൽ ചുവട് വെച്ച് ഉച്ചത്തിൽ പാടി കാഴ്ചക്കാരിൽ ഇമ്പം നിറക്കുന്നതെല്ലാം ഒപ്പനയിലുണ്ട്. മണവാട്ടിയുടെ എഴുന്നെള്ളത്ത് പൂരവിളംബരമാണ്.
പാറമേക്കാവും തിരുവമ്പാടിയും പോലെ ആവേശമായി മത്സരാർഥികൾ സമന്വയിപ്പിക്കുന്ന ചെറു പൂരങ്ങൾ. വർണ, താള, സംഗീത ലയങ്ങൾ അലിഞ്ഞു ചേരുമ്പോൾ ചുവടുകൾക്ക് മാറ്റ് കൂടും. വെള്ള പെങ്കുപ്പായവും കാച്ചിമുണ്ടും നെറ്റിച്ചൂട്ടിയും ചൂടി തെക്കേ ഗോപുര നടയിലേക്ക് മണവാട്ടികൾ എത്തുമ്പോൾ പൂരം പോലെ ഒപ്പനയും മനം നിറക്കും.
വധുവും തോഴിമാരും ചുവട് വച്ചു മത്സരിക്കുമ്പോൾ തേക്കിൻ കാട് മൈതാനത്ത് കൊട്ടിക്കേറുന്ന മേളത്തിന്റെയും കുടമാറ്റത്തിന്റെയും അതേ ആവേശം ഭംഗി ആർക്ക് എന്നത് നിർവചനാതീതം. മേളം മുഴങ്ങി കേട്ട് ശീലമുള്ള ശക്തന്റെ കാതിൽ ഒപ്പന ഇശലുകളും നിറഞ്ഞു നിന്നിട്ടുണ്ടാകും. പൂരത്തിന് എട്ട് ദേശങ്ങളാണെങ്കിൽ ഒപ്പനക്ക് 14 ദേശത്ത് നിന്നുള്ള മണവാട്ടികളും തോഴിമാരുമെത്തിയിട്ടുണ്ട്. ഒടുവിൽ വടക്കുംനാഥനെ സാക്ഷിയാക്കി മണവാട്ടിയുമായി തോഴിമാർ മടങ്ങുമ്പോൾ. അടുത്ത കൊല്ലം കാണാമെന്ന ധാരണയിൽ ഉപചാരം ചൊല്ലി പിരിയുന്നു.